കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ ക്ഷീരകർഷകർക്ക് ഓണത്തോടനുബന്ധിച്ച് സാമ്പത്തിക സഹായം നൽകുന്ന ‘ഓണമധുരം 2026’ പദ്ധതിയുടെ വിതരണത്തിന് തുടക്കമായി. ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ അർഹരായ ക്ഷീരകർഷകർക്ക് 750 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും.

2025-26 സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് ആറുമാസമെങ്കിലും ക്ഷേമനിധിയിൽ പാൽ അടക്കുകയും അംഗത്വം പുതുക്കുകയും ചെയ്തിട്ടുള്ള ക്ഷേമനിധി അംഗങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. ഏകദേശം ഒരു ലക്ഷത്തോളം ക്ഷീരകർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ക്ഷേമനിധിയുടെ തനത് ഫണ്ടിൽ നിന്നാണ് ഇതിനായുള്ള തുക വിനിയോഗിക്കുന്നത്.

ക്ഷീരകർഷകരുടെ ക്ഷേമത്തിനായി പെൻഷൻ, കുടുംബ പെൻഷൻ, അവശതാ പെൻഷൻ, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര സഹായം, ക്ഷീരസാന്ത്വനം ഇൻഷുറൻസ്, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിലെ മികച്ച ക്ഷീരകർഷകർക്കുള്ള അവാർഡുകൾ തുടങ്ങിയ വിവിധ പദ്ധതികൾ ക്ഷേമനിധി ബോർഡ് നടപ്പാക്കിവരുന്നുണ്ട്.

ഇതിന് പുറമെയാണ് ഓണക്കാലത്ത് ക്ഷീരകർഷകർക്ക് അധിക സഹായമായി ‘ഓണമധുരം 2026’ പദ്ധതി നടപ്പാക്കുന്നത്.