സഹകരണ വകുപ്പിന്റെ വെബ്സൈറ്റ് നാലുദിവസമായി നിശ്ചലം

സൈബർ ഹാക്കിംഗ് സംശയം; പുനഃസ്ഥാപന നടപടികൾ മന്ദഗതിയിൽ — അടിയന്തര നടപടി വേണമെന്ന് സഹകരണ വീക്ഷണം

തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് കഴിഞ്ഞ നാലുദിവസമായി പ്രവർത്തനരഹിതമായതായി പരാതി. വെബ്സൈറ്റ് സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ടോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. അതേസമയം, വെബ്സൈറ്റ് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ മന്ദഗതിയിലാണെന്ന ആക്ഷേപവും നിലനിൽക്കുന്നു.

സഹകരണ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക വിവരസ്രോതസ്സുകളിലൊന്നാണ് സഹകരണ വകുപ്പിന്റെ വെബ്സൈറ്റ്. സർക്കുലറുകൾക്ക് പുറമെ സഹകരണ വകുപ്പ് പുറപ്പെടുവിക്കുന്ന മറ്റ് ഉത്തരവുകൾ, നിർദേശങ്ങൾ, അറിയിപ്പുകൾ എന്നിവയും വെബ്സൈറ്റിൽ കൃത്യമായി പ്രസിദ്ധീകരിക്കണമെന്ന് സഹകരണ വകുപ്പ് മന്ത്രി എം. ലിജു കഴിഞ്ഞമാസം നിർദേശം നൽകിയിരുന്നു.

സഹകരണ സംഘം രജിസ്ട്രാർ ജോയിന്റ് രജിസ്ട്രാർമാർക്ക് അയക്കുന്ന കത്തുകളും ഉത്തരവുകളും പലപ്പോഴും സംഘങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വെബ്സൈറ്റിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നത്.

സഹകരണ മേഖലയിലെ ഉത്തരവുകളും നിർദേശങ്ങളും സമയബന്ധിതമായി ലഭ്യമാകുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് നിർണായകമാണ്. വെബ്സൈറ്റ് പ്രവർത്തനരഹിതമായതോടെ വകുപ്പിന്റെ ഉത്തരവുകളും സർക്കുലറുകളും മറ്റ് പ്രധാന അറിയിപ്പുകളും ലഭ്യമാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യമാണുള്ളത്.

വെബ്സൈറ്റ് പ്രവർത്തനരഹിതമായതിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കുകയും ആവശ്യമായ സൈബർ സുരക്ഷാ പരിശോധന നടത്തുകയും ചെയ്ത് വെബ്സൈറ്റ് പ്രവർത്തനം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് സഹകരണ വീക്ഷണം സഹകരണ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വെബ്സൈറ്റ് പുനഃസ്ഥാപിക്കുന്നതിനൊപ്പം ഭാവിയിൽ ഇത്തരം തടസ്സങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ സാങ്കേതിക സംവിധാനങ്ങളും ബദൽ വിവരവിനിമയ സംവിധാനങ്ങളും ഒരുക്കണമെന്നും സഹകരണ മേഖലയിൽ ആവശ്യം ഉയരുന്നുണ്ട്.