തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടികൾ സ്വീകരിക്കുന്ന പുതിയ സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വ. കരകുളം കൃഷ്ണപിള്ള പറഞ്ഞു.

പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനൊപ്പം ബോണസും ഉത്സവബത്തയും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്ന സർക്കാർ നടപടി അഭിനന്ദനാർഹമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ഉത്സവബത്ത അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കുന്ന സാഹചര്യത്തിൽ, കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങൾക്കും ഉത്സവബത്ത അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതാത് സഹകരണ സ്ഥാപനങ്ങളുടെ പൊതുഫണ്ടിൽ നിന്ന് ഭരണസമിതി അംഗങ്ങൾക്ക് ഉത്സവബത്ത നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന് അഡ്വ. കരകുളം കൃഷ്ണപിള്ള നിവേദനം നൽകി.

സഹകരണ മേഖലയിലെ ഭരണസമിതി അംഗങ്ങളും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലും ജനകീയ സേവനങ്ങളിലും നിർണായക പങ്ക് വഹിക്കുന്നവരാണെന്നും, അതിനാൽ ഉത്സവബത്തയുടെ പരിഗണനയിൽ അവരെയും ഉൾപ്പെടുത്തുന്നത് ഉചിതമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.