അങ്കമാലി: കേരള ബാങ്കിന്റെ വാർഷിക പൊതുയോഗം അങ്കമാലിയിൽ നടന്നു. സഹകരണ മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനത്തിൽ നിന്ന് വായ്പയെടുത്ത് വലിയ വീടുകളും കെട്ടിടങ്ങളും നിർമ്മിക്കുകയും കൈവശം സാമ്പത്തിക ശേഷിയുണ്ടായിട്ടും വായ്പ തിരിച്ചടയ്ക്കാതെ തുടരുകയും ചെയ്യുന്നവർക്ക് പലിശയിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, അനാഥരായവർ, രോഗബാധിതർ, വായ്പ തിരിച്ചടയ്ക്കാൻ യഥാർഥത്തിൽ ശേഷിയില്ലാത്തവർ, അഞ്ച് സെന്റിൽ താഴെ മാത്രം ഭൂമിയുള്ളവർ തുടങ്ങിയ അർഹരായ ആളുകൾക്ക് പരമാവധി സഹായം ലഭ്യമാക്കണമെന്നും മന്ത്രി സംഘം പ്രസിഡന്റുമാരോട് അഭ്യർത്ഥിച്ചു.
സാധാരണക്കാരോട് മാന്യമായ പെരുമാറ്റം വേണം
സഹകരണ സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാരോട് ജീവനക്കാരും ഭാരവാഹികളും മാന്യമായും സൗഹൃദപരമായും പെരുമാറണം. സഹകരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ലക്ഷ്യം സാധാരണ ജനങ്ങൾക്ക് കൈത്താങ്ങാകുകയാണെന്നും മന്ത്രി പറഞ്ഞു.
‘ആശ്വാസ് ’ പോലുള്ള പദ്ധതികൾ നടപ്പാക്കണം
സർക്കാർ പ്രഖ്യാപിക്കുന്ന ‘ആശ്വാസ് ’ ഉൾപ്പെടെയുള്ള വായ്പാ ആശ്വാസ പദ്ധതികളോട് മുഖം തിരിഞ്ഞുനിൽക്കുന്ന സമീപനം സഹകരണ സ്ഥാപനങ്ങൾ സ്വീകരിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ നിർദേശങ്ങളും പദ്ധതികളും കൃത്യമായി നടപ്പാക്കുന്നതിൽ സഹകരണ സ്ഥാപനങ്ങൾ ‘പെർഫെക്ട്’ ആയിരിക്കണം. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികൾ നേരിടേണ്ട സാഹചര്യമുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
സഹകരണ മേഖലയുടെ ജനകീയ സ്വഭാവം സംരക്ഷിച്ചുകൊണ്ട് അർഹരായവരെ സഹായിക്കുന്ന സമീപനമാണ് സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതെന്നും എം. ലിജു പറഞ്ഞു.