തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും കുടിശ്ശിക തീർപ്പാക്കുന്നതിനായുള്ള 'ആശ്വാസ് 2026' ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ഒക്ടോബർ 31 വരെ നീട്ടി സഹകരണ വകുപ്പ് ഉത്തരവിറക്കി. പദ്ധതി പ്രകാരം അടയ്ക്കേണ്ട തുകയുടെ മൂന്നിലൊന്ന് (1/3) ഭാഗം അടയ്ക്കുന്ന വായ്പക്കാർക്കാണ് ബാക്കി തുക ഒടുക്കുന്നതിനായി 2026 ഒക്ടോബർ 31 വരെ സമയം അനുവദിച്ചിരിക്കുന്നത്. സഹകരണ സംഘം രജിസ്ട്രാർ അൻ.എസ്. നായർ ഐ.എ.എസ് ആണ് ഇതുസംബന്ധിച്ച സർക്കുലർ (നമ്പർ 31/2026) പുറപ്പെടുവിച്ചത്.

നേരത്തെ, 2026 സെപ്റ്റംബർ 30-ഓടെ ഈ പദ്ധതിയുടെ കാലാവധി അവസാനിച്ചിരുന്നു. എന്നാൽ ജില്ലാതലങ്ങളിൽ അവസാനവട്ട അദാലത്തുകൾ 2026 സെപ്റ്റംബർ 30 വരെ നീണ്ടുപോയതിനാലും, നിരവധി അപേക്ഷകൾ ഇനിയും ലഭിക്കാനുള്ളതിനാലും വായ്പക്കാർക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഒക്ടോബർ 15 വരെയായിരുന്നു നേരത്തെ അപേക്ഷകൾ സ്വീകരിക്കാൻ അനുമതിയുണ്ടായിരുന്നത്.

തുടർന്ന് സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും വർദ്ധിച്ചുവരുന്ന നിഷ്ക്രിയ ആസ്തികളും കുടിശ്ശികകളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ഒക്ടോബർ 31 വരെ സമയം ദീർഘിപ്പിച്ചു നൽകാൻ സർക്കാർ തീരുമാനിച്ചത്.

ഈ പ്രത്യേക ആനുകൂല്യം വായ്പക്കാർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സഹകരണ വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എല്ലാ സഹകരണ സംഘങ്ങൾക്കും, ജോയിന്റ് രജിസ്ട്രാർമാർക്കും, ഓഡിറ്റ് ഡയറക്ടർമാർക്കും കൈമാറിയിട്ടുണ്ട്.