കേരള ബാങ്ക് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്താൻ യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ

സഹകരണ സംഘങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കും വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട നടപടികൾക്കുമെതിരെ പ്രതിഷേധവുമായി യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ (UCSA). സഹകരണ സംഘങ്ങളുടെ നിലനിൽപ്പും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നവംബർ 5ന് കേരള ബാങ്ക് ആസ്ഥാനത്തേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് സംഘടനയുടെ സംസ്ഥാന നേതാക്കൾ അറിയിച്ചു .

സഹകരണ സംഘങ്ങളിൽ എട്ട് ശതമാനവും 8.50 ശതമാനവും നിരക്കിൽ സമാഹരിക്കുന്ന നിക്ഷേപങ്ങൾക്ക് 7.01 ശതമാനം നിരക്കിൽ കേരള ബാങ്കിൽ നിക്ഷേപിക്കേണ്ടിവരുന്ന സാഹചര്യം സംഘങ്ങളുടെ സാമ്പത്തിക നിലയെ ബാധിക്കുന്നതായി സംഘടന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശയും വായ്പകളിൽനിന്ന് ലഭിക്കുന്ന വരുമാനവും തമ്മിലുള്ള അന്തരം സംഘങ്ങളുടെ പ്രവർത്തനത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതായും പറയുന്നു.

വായ്പകൾക്ക് 12 ശതമാനം വരെ പലിശ ഈടാക്കിയിരുന്ന സാഹചര്യത്തിൽ, കുടിശ്ശിക വായ്പകളുടെ പലിശയിൽ 50 ശതമാനം ഇളവ് അനുവദിച്ച് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികൾ നടപ്പാക്കുമ്പോൾ സഹകരണ സംഘങ്ങൾക്ക് ലഭിക്കുന്ന വരുമാനം 5–6 ശതമാനമായി കുറയുന്നുവെന്ന ആശങ്കയും സംഘടന ഉയർത്തുന്നു.

റവന്യൂ റിക്കവറി നടപടികളിലും ആശങ്ക

റവന്യൂ റിക്കവറി, ARC/EP നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സഹകരണ സംഘങ്ങൾക്ക് വ്യക്തതയും പ്രായോഗികമായ പരിഹാരങ്ങളും വേണമെന്നാണ് സംഘടനയുടെ ആവശ്യം. സർക്കാരും സഹകരണ വകുപ്പും നിർദേശിക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികളുടെ ഭാഗമായി കുടിശ്ശിക വായ്പകളിൽ ഇളവുകൾ അനുവദിക്കുമ്പോൾ സംഘങ്ങളുടെ സാമ്പത്തിക താൽപര്യങ്ങളും സംരക്ഷിക്കപ്പെടണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

സർക്കാർ നിർദേശിക്കുന്ന ഓഡിറ്റ് കോസ്റ്റ്, മറ്റ് ഫീസുകൾ എന്നിവ സംബന്ധിച്ച വിഷയങ്ങളിലും ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് സംഘടനയുടെ നിലപാട്.

നവംബർ 5ന് കേരള ബാങ്ക് ആസ്ഥാനത്തേക്ക്

സഹകരണ സംഘങ്ങളുടെ നിലനിൽപ്പിനും സാമ്പത്തിക സംരക്ഷണത്തിനുമായി ഒന്നിച്ചുനിൽക്കണമെന്ന ആഹ്വാനത്തോടെയാണ് യു.സി.എസ്.എ.യുടെ പ്രതിഷേധ പരിപാടി. നവംബർ 5ന് തിരുവനന്തപുരത്തെ കേരള ബാങ്ക് ആസ്ഥാനത്തേക്ക് മാർച്ചും ധർണയും നടത്തും.

സഹകരണ സംഘങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും സംഘങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകുമോയെന്നാണ് സഹകരണ മേഖല ഉറ്റുനോക്കുന്നത്.

സഹകരണ വീക്ഷണം ന്യൂസ് ഡെസ്ക്