തിരുവനന്തപുരം: സഹകരണ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനും പരിശോധനാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ആഭ്യന്തര വിജിലൻസ് സംവിധാനത്തെ ശക്തിപ്പെടുത്തുന്ന നടപടികളുമായി സഹകരണ വകുപ്പ്. ഇതിന്റെ ഭാഗമായി ആഭ്യന്തര വിജിലൻസിന് ഏഴ് പുതിയ വാഹനങ്ങൾ അനുവദിച്ചു.
സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന്റെ നിർദേശപ്രകാരമാണ് ആഭ്യന്തര വിജിലൻസ് സംവിധാനത്തിന്റെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ തടയുന്നതിനും പരിശോധനകൾ കാര്യക്ഷമമാക്കുന്നതിനും ഫീൽഡ് തലത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.
സെപ്റ്റംബർ 30 ബുധനാഴ്ച രാവിലെ 10ന് തിരുവനന്തപുരം ഡി.പി.ഐ. ജംഗ്ഷനിലെ സഹകരണ ഭവൻ അങ്കണത്തിൽ ഏഴ് പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മന്ത്രി എം. ലിജു നിർവഹിക്കും.
സഹകരണ മേഖലയിൽ നിക്ഷേപകരുടെ താൽപര്യവും നിക്ഷേപങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി ‘വിശ്വാസ്’ എന്ന സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നവർക്കും തെറ്റായ ഓഡിറ്റ് റിപ്പോർട്ടുകൾ നൽകുന്നവർക്കുമെതിരെ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ആഭ്യന്തര വിജിലൻസ് പരിശോധനകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വാഹന സൗകര്യം ഒരുക്കുന്നത്. പുതിയ വാഹനങ്ങൾ ലഭിക്കുന്നതോടെ വിവിധ ജില്ലകളിലെ സ്ഥാപനങ്ങളിൽ പരിശോധനകളും അന്വേഷണങ്ങളും കൂടുതൽ വേഗത്തിൽ നടത്താൻ സാധിക്കും.
സഹകരണ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനുള്ള നടപടികൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് പുതിയ വാഹനങ്ങൾ അനുവദിച്ച നടപടി.