സഹകരണ ബാങ്കുകളിലെ ആർബിട്രേഷൻ അവാർഡുകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക നിയമവ്യക്തതയുമായി കേരള ഹൈക്കോടതി. അവാർഡ് നടപ്പാക്കുന്നതിനുള്ള എക്സിക്യൂഷൻ നടപടി 12 വർഷത്തിനകം പൂർത്തിയാക്കേണ്ടതാണെന്നും, സെക്ഷൻ 76(c) പ്രകാരം സെയിൽ ഓഫീസർ മുഖേന നടത്തുന്ന നടപടികൾക്കും 1963-ലെ Limitation Act-ലെ Article 136 പ്രകാരമുള്ള 12 വർഷത്തെ കാലപരിധി ബാധകമാണെന്നും ജസ്റ്റിസ് ഗോപിനാഥ് പി. അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. *Ramla Beevi & Others v. State of Kerala & Others* കേസിൽ 2026 സെപ്റ്റംബർ 9-നാണ് വിധി.

പോത്താനിക്കാട് ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ 2009-ലെ ആർബിട്രേഷൻ അവാർഡുകൾ ഏകദേശം 15 വർഷത്തിന് ശേഷം 2024-ൽ എക്സിക്യൂട്ട് ചെയ്യാൻ നൽകിയ ഹർജികൾ *കാലപരിധി കഴിഞ്ഞതിനാൽ നിയമപരമായി നിലനിൽക്കില്ലെന്ന്* കോടതി വ്യക്തമാക്കി. സെക്ഷൻ 76(c)-ൽ പ്രത്യേക കാലപരിധി പറയുന്നില്ലെന്ന കാരണത്താൽ എപ്പോൾ വേണമെങ്കിലും എക്സിക്യൂഷൻ നടപടികൾ ആരംഭിക്കാമെന്ന ബാങ്കിന്റെ വാദവും കോടതി നിരസിച്ചു. സഹകരണ നിയമത്തിലെ സെക്ഷൻ 77-ന്റെ അടിസ്ഥാനത്തിൽ Article 136-ലെ 12 വർഷത്തെ പരിധി ഇവിടെ ബാധകമാണെന്നും കോടതി വ്യക്തമാക്കി.വിധി സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കും പ്രധാന മുന്നറിയിപ്പാണ്. കാലപരിധിക്കുള്ളിൽ അവാർഡുകൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി വായ്പാ തുക പിരിച്ചെടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ, അതുവഴിയുണ്ടാകുന്ന നഷ്ടത്തിന് ഉത്തരവാദികളായ ഭരണസമിതി അംഗങ്ങൾക്കും ചീഫ് എക്സിക്യൂട്ടീവിനും/സെക്രട്ടറിക്കും വ്യക്തിപരമായ ഉത്തരവാദിത്വം ഉയരാനുള്ള സാധ്യതയുണ്ട്. അതിനാൽ 10 മുതൽ 12 വർഷം വരെ പഴക്കമുള്ള അവാർഡുകൾ പരിശോധിച്ച് അടിയന്തരമായി എക്സിക്യൂഷൻ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.