തിരുവനന്തപുരം: സഹകരണ ജീവനക്കാർക്ക് അർഹതപ്പെട്ട ലീവ് സറണ്ടർ ആനുകൂല്യം തടഞ്ഞുകൊണ്ടുള്ള സഹകരണ വകുപ്പിന്റെ നടപടി പുനഃപരിശോധിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു അറിയിച്ചു.
സഹകരണ സംഘങ്ങൾ ജീവനക്കാർക്ക് ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നത് സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാതെയാണ്. അതിനാൽ സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടർ തടഞ്ഞ നടപടിയിൽ ആവശ്യമായ ഭേദഗതി വരുത്തുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒരു ഘട്ടത്തിൽ സർക്കാർ ജീവനക്കാരുടെയും സർക്കാരിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ലീവ് സറണ്ടർ ആനുകൂല്യങ്ങൾ തടഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി സഹകരണ മേഖലയിലെ ജീവനക്കാർക്കും ലീവ് സറണ്ടർ ആനുകൂല്യം അനുവദിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയും സഹകരണ വകുപ്പ് രജിസ്ട്രാറുടെ ഓഫീസിൽനിന്ന് വകുപ്പ് തല കത്തുവഴി ജില്ലാ ജോയിന്റ് രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
എന്നാൽ സഹകരണ സംഘങ്ങൾ സ്വന്തം സാമ്പത്തിക വിഭവങ്ങളിൽനിന്നാണ് ജീവനക്കാർക്ക് ഈ ആനുകൂല്യം നൽകുന്നതെന്നിരിക്കെ, സർക്കാർ ജീവനക്കാർക്ക് ബാധകമായ നിയന്ത്രണം സഹകരണ ജീവനക്കാർക്കും ബാധകമാക്കുന്നതിനെതിരെ സഹകരണ മേഖലയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു , തുടർന്ന് വിഷയം ഭരണ-പ്രതിപക്ഷ സംഘടനകൾ ഒന്നടങ്കം പരാതി സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജുവിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടർ തടഞ്ഞുകൊണ്ടുള്ള നിലവിലെ നിർദ്ദേശം പുനഃപരിശോധിച്ച് ആവശ്യമായ ഭേദഗതി വരുത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
സഹകരണ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന നിലപാടാണ് മന്ത്രിയുടെ ഇടപെടലിലൂടെ വ്യക്തമാകുന്നതെന്ന് സഹകരണ മേഖലയിലെ സംഘടനകൾ വിലയിരുത്തി.