തിരുവനന്തപുരം: സംസ്ഥാന ചീഫ് സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു ശങ്കർ എസ്.നെ സർക്കാർ നിയമിച്ചു. മുൻ ചീഫ് സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്. എച്ച്. ജയകേശൻ 2026 മെയ് 31ന് സർവീസിൽ നിന്ന് വിരമിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് പുതിയ നിയമനം.

അഞ്ച് വർഷത്തേക്കോ സർവീസിൽ നിന്നുള്ള വിരമിക്കൽ തീയതി വരെയോ, ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെയാണ് ബിജു ശങ്കർ എസ്സിന്റെ നിയമന കാലാവധി. നിയമനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം സർക്കാർ പുറത്തിറക്കി.

സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ, സർക്കിൾ സഹകരണ യൂണിയനുകൾ, സംസ്ഥാന സഹകരണ യൂണിയൻ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെ മേൽനോട്ടം വഹിക്കുന്നതും വോട്ടർപട്ടിക തയ്യാറാക്കുന്നതും സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ചുമതലകളാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കും ജനറൽ ബോഡി പ്രതിനിധികളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളുടെ പൂർണ്ണ നിയന്ത്രണവും കമ്മീഷനിൽ നിക്ഷിപ്തമാണ്.

നിയമ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കണം സംസ്ഥാന ചീഫ് സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷണർ എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ബിജു ശങ്കർ എസ്സിന്റെ നിയമനം.