കൊല്ലം: സഹകരണ സംഘങ്ങൾ അഴിമതിമുക്തമാകണമെന്ന് എം. എം. നസീർ എം.എൽ.എ. അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷന്റെ 42-ാമത് കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുന്നതിനായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും സഹകരണ വകുപ്പ് ജീവനക്കാർ മുൻനിരയിൽ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിൽനിന്ന് അഴിമതി തുടച്ചുനീക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

സാധാരണക്കാരെ സംരക്ഷിക്കുന്നതിനും സർക്കാരിന്റെ വിവിധ ജനകീയ പദ്ധതികൾ നടപ്പിലാക്കുന്നതിനും സർക്കാർ ജീവനക്കാർ സുപ്രധാന കടമ നിർവഹിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പ്രഥമ സ്ഥാനം സഹകരണ വകുപ്പിനും സഹകരണ ജീവനക്കാർക്കുമാണെന്നും എം. എം. നസീർ എം.എൽ.എ. കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡന്റ് ബോബൻ ജെ. അധ്യക്ഷത വഹിച്ച യോഗത്തിൽ കൊല്ലം ഡി.സി.സി. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. അനുമോദന-യാത്രയയപ്പ് സമ്മേളനം അഡ്വ. വിഷ്ണുമോഹൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് പ്രിയേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി യു. എം. ഷാജി, സംസ്ഥാന ട്രഷറർ കെ. കൃഷ്ണകുമാർ, പരവൂർ എസ്.എൻ.വി.ആർ.സി. ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു, ഇരവിപുരം എസ്.സി.ബി. പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ, മുൻ സംസ്ഥാന പ്രസിഡന്റ് പി. കെ. ജയകൃഷ്ണൻ, സംസ്ഥാന ഭാരവാഹികളായ സുശീല, ജിലേഷ്, എസ്. ഷാജി, റോജോ എം. ജോസഫ്, ആർ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് അൻസർ സ്വാഗതവും ഗംഗ എസ്. നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: ജില്ലാ പ്രസിഡന്റായി ബോബൻ ജെ., സെക്രട്ടറിയായി മുഹമ്മദ് അൻസർ, ട്രഷററായി ഗംഗ എസ്. എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.