ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി - "ആശ്വാസ് 2026" സഹകരണ വകുപ്പ് പദ്ധതി പ്രഖ്യപിച്ചു

പ്രാഥമിക സഹകരണ സംഘങ്ങൾ/ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത സഹകാരികൾ വിവിധ കാരണങ്ങളാൽ വായ്പ തിരിച്ചടയ്യാൻ കഴിയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ/ബാങ്കുകളിലെ വർധിച്ചു വരുന്ന കുടിശ്ശിക/നിഷ്ക്രിയ ആസ്തി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഓഗസ്റ്റ് 31 വരെ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി സഹകരണ വകുപ്പ് മന്ത്രി അഡ്വ.എം.ലിജുവിന്റെ നിർദ്ദേശാനുസരണം പ്രഖ്യപിച്ചു .

ഈ പദ്ധതിയിലൂടെ പ്രാഥമിക സഹകരണ സംഘങ്ങൾ/ബാങ്കുകളുടെ കുടിശ്ശിക കുറക്കുന്നതിനും, കൃത്യമായ വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിച്ച് പ്രാഥമിക സംഘങ്ങൾ/ബാങ്കുകളെ പരമാവധി കുടിശ്ശിക രഹിത സംഘങ്ങൾ/ബാങ്കുകളായി മാറ്റുന്നതിനും കഴിഞ്ഞിട്ടുള്ളതിനാൽ, സംസ്ഥാനത്തെ സഹകരണ മേഖലയിൽ കേരള സഹകരണ നിയമം വകുപ്പ് 66 (A), 74 (F) എന്നിവയിലെ വ്യവസ്ഥകൾക്ക് വിധേയമായി സർക്കാരിന്റെ കർമ്മപരിപാടിയുടെ ഭാഗമായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി - "ആശ്വാസ് 2026" ജൂൺ 01, 2026 മുതൽ ഓഗസ്റ്റ് 31, 2026 വരെ നടപ്പിലാക്കുന്നു.

സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ളതും വായ്പ നൽകുന്നതുമായ എല്ലാ പ്രാഥമിക സഹകരണ സംഘങ്ങൾക്കും/സഹകരണ ബാങ്കുകൾക്കും ഈ പദ്ധതി ബാധകമായിരിക്കും. കരുതൽ വെച്ചേണ്ടി വന്നതും പ്രാഥമിക സംഘങ്ങൾ/ബാങ്കുകളുടെ നഷ്ടത്തിന് ഇടയാക്കുന്നതുമായ കുടിശ്ശിക/നിഷ്ക്രിയ ആസ്തിയായ കാലപ്പഴക്കമുള്ള വായ്പകൾ ഒറ്റത്തവണയായി അടച്ചു തീർക്കുന്നതിനും ഇതിലൂടെ പ്രാഥമിക സഹകരണ സംഘങ്ങൾ/ബാങ്കുകളുടെ കുടിശ്ശിക പരമാവധി കുറയ്ക്കുകയും സഹകാരികൾക്ക് അവരുടെ കടബാധ്യതയിൽ നിന്നും ആശ്വാസം നൽകുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. മാത്രമല്ല നല്ല രീതിയിൽ വായ്പാ തിരിച്ചടവ് നടത്തുന്നവർക്ക് പലിശ ഇൻസെന്റീവും ഈ പദ്ധതി ലക്ഷ്യമിടുന്നു.

പദ്ധതിയുടെ നടത്തിപ്പിനായി ചുവടെ പറയുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്), സംസ്ഥാന/പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾ, ഹൗസ് ഫെഡ്/ഹൗസിംഗ് സഹകരണ സംഘങ്ങൾക്ക് അതാത് മേഖലയിലെ കുടിശ്ശിക ഈടാക്കുന്നതിനായി അനുയോജ്യവും ഗുണകരവുമായ ഒരു പദ്ധതി ആവിഷ്കരിച്ച് ബന്ധപ്പെട്ട സംഘങ്ങൾ/ബാങ്കുകൾ രജിസ്ട്രാറുടെ അംഗീകാരത്തിനായി സമർപ്പിക്കേണ്ടതാണ്. വായ്പാക്കാരന്റെ നിലവിലെ സാമ്പത്തിക സാഹചര്യം, തിരിച്ചടവ് ശേഷി എന്നിവ ഭരണസമിതി വിലയിരുത്തി ഉചിതമായ തീരുമാനത്തിലെത്തുകയും വായ്പാക്കാരുമായി തിരിച്ചടവ് സംബന്ധിച്ച് ധാരണയിലാക്കുകയും ടി ധാരണ പ്രകാരം വായ്പാ തിരിച്ചടവിന് അവസരം നൽകേണ്ടതുമാണ്.100% കരുതൽ വെച്ചേണ്ടിവന്നിട്ടുള്ള വായ്പകൾ ഈ പദ്ധതി പ്രകാരം തീർപ്പാക്കുന്നതിന് പ്രത്യേകം മുൻഗണന നൽകേണ്ടതാണ്.സർക്കുലർ മാർഗ്ഗനിർദ്ദേശ പ്രകാരം ഈ പദ്ധതി നടപ്പിലാക്കുമ്പോൾ സംഘത്തിന്റെ/ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുക്കേണ്ടതാണ്.ഈ പദ്ധതി പ്രകാരം സാധാരണ പലിശ നിരക്കിലാണ് പലിശ കണക്കാക്കേണ്ടത്. ഈ പദ്ധതി പ്രകാരം അവസാനിപ്പിക്കുന്ന എല്ലാ വായ്പകളിലും പിഴപലിശ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലില്ലാത്ത കാലയളവിൽ പരാമർശം (3) 82/2013 സർക്കുലർ പ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതിന് കുടിശ്ശികയായ വായ്പാക്കാർക്ക് അർഹതയുണ്ടായിരിക്കും.ആർബിട്രേഷൻ/എക്സിക്യൂഷൻ ഫീസ്, കോടതി ചെലവുകൾ, പരസ്യ ചെലവുകൾ എന്നിവ ഈടാക്കാവുന്നതാണ്. രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകളിൽ ആർബിട്രേഷൻ/ എക്സിക്യൂഷൻ ഫീസ്, കോടതി ചെലവുകൾ/ പരസ്യ ചെലവുകൾ എന്നിവ സംഘത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ആവശ്യമെങ്കിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് സംഘം ഭരണസമിതിക്ക് യുക്തമായ തീരുമാനം കൈക്കൊള്ളാവുന്നതാണ്. സ്വർണ്ണ പണയ വായ്പ, നിക്ഷേപത്തിനെതിരെയുള്ള വായ്പ, എന്നിവ ഒഴികെ മറ്റെല്ലാ വായ്പകളും ഈ പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ്.എം. എസ്. എസ് (MSS) പദ്ധതി കാലാവധി അവസാനിച്ചതിന് ശേഷം കുടിശ്ശിക ആകുന്ന സാധാരണ വായ്പയായി പരിഗണിച്ചു പലിശയിൽ ഇളവ് നൽകാവുന്നതാണ്. എന്നാൽ ഇത്തരത്തിൽ ഇളവ് അനുവദിക്കുമ്പോൾ ഒരു MSS പദ്ധതിയിൽ ഒരു അംഗത്തിന് ഒന്നിൽ കൂടുതൽ നമ്പരിൽ ഇളവ് അനുവദിക്കാൻ പാടുള്ളതല്ല.