കേരള ബാങ്കിന്റെ മൊത്തം ബിസിനസ് 1,28,697 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 1,01,204.41 കോടി രൂപയായിരുന്ന ബിസിനസ് ഒരു വർഷം കൊണ്ട് 27,492.59 കോടി രൂപയുടെ വളർച്ചയാണ് കൈവരിച്ചത്.
ബാങ്ക് പ്രസിഡന്റ് പി. മോഹനനാണ് ഇക്കാര്യം അറിയിച്ചത്. നിക്ഷേപം 61,017.59 കോടിയിൽ നിന്ന് 75,457 കോടി രൂപയായും വായ്പ 40,186.82 കോടിയിൽ നിന്ന് 53,240 കോടി രൂപയായും ഉയർന്നു.
ഒരു വർഷം കൊണ്ട് 33,900 കോടി രൂപയുടെ പുതിയ വായ്പകൾ അനുവദിച്ചു. ഇത് 43 ശതമാനം വളർച്ചയാണ്. ഇതോടെ കേരളത്തിലെ ബാങ്കുകളിൽ ബിസിനസിൽ മൂന്നാം സ്ഥാനത്തേക്ക് കേരള ബാങ്ക് ഉയർന്നു.
സംസ്ഥാനത്തെ എംഎസ്എംഇകൾക്ക് 5596 കോടി രൂപയുടെ വായ്പ അനുവദിച്ചു. 75,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 3005 കോടി രൂപയുടെ വായ്പയും നൽകി. വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ ഒരു ലക്ഷം രൂപ വരെ കുറഞ്ഞ പലിശയിൽ വായ്പ നൽകുന്ന പദ്ധതിയും ആരംഭിച്ചു. വിദ്യാഭ്യാസ വായ്പയ്ക്ക് 0.5 ശതമാനം പലിശ ഇളവും നൽകുന്നുണ്ട്.