ന്യൂഡൽഹി: രാജ്യത്തെ ബാങ്കിങ് മേഖലയെ ഡിജിറ്റൽ കാലഘട്ടത്തിനനുസരിച്ച് നവീകരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ 'ബാങ്കേഴ്‌സ് ബുക്സ് എവിഡൻസ് ബിൽ–2026' പാർലമെന്റിൽ അവതരിപ്പിച്ചു. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനാണ് ബിൽ അവതരിപ്പിച്ചത്. 1891-ലെ 'ബാങ്കേഴ്‌സ് ബുക്സ് എവിഡൻസ് ആക്ടി'ന് പകരമായാണ് പുതിയ നിയമനിർമാണം.

ഡിജിറ്റൽ ബാങ്കിങ് വ്യാപകമായ സാഹചര്യത്തിൽ ഇലക്ട്രോണിക് ബാങ്ക് രേഖകൾക്ക് വ്യക്തമായ നിയമസാധുത ഉറപ്പാക്കുകയും കോടതികളിലെ തെളിവെടുപ്പ് നടപടികൾ കാലാനുസൃതമാക്കുകയുമാണ് ബില്ലിന്റെ ലക്ഷ്യം.

പുതിയ നിയമപ്രകാരം കോർ ബാങ്കിങ് സിസ്റ്റം (CBS), യു.പി.ഐ., ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, ക്ലൗഡ് റെക്കോർഡുകൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ ബാങ്ക് രേഖകൾ കോടതിയിൽ നിയമപരമായ തെളിവായി സ്വീകരിക്കാനാകും. ഇതുവരെ പ്രധാനമായും പേപ്പർ രേഖകൾക്കുണ്ടായിരുന്ന അംഗീകാരം ഇനി ഇലക്ട്രോണിക് രേഖകൾക്കും ലഭിക്കും.

ബാങ്ക് ഉദ്യോഗസ്ഥരെ എല്ലാ കേസുകളിലും നേരിട്ട് കോടതിയിൽ ഹാജരാക്കുന്ന നിലവിലെ രീതിയിലും മാറ്റം വരും. ഉദ്യോഗസ്ഥനെ നേരിട്ട് വിളിക്കണമെങ്കിൽ കോടതി 'സ്പെഷ്യൽ കോസ്' രേഖപ്പെടുത്തേണ്ടിവരും. ഇതോടെ സാധാരണ കേസുകളിൽ ബാങ്ക് ജീവനക്കാർ കോടതിയിൽ ഹാജരാകേണ്ട സാഹചര്യം ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തൽ.

ഡിജിറ്റൽ ഒപ്പ്, ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ എന്നിവയ്ക്കും കൂടുതൽ വ്യക്തമായ നിയമപരമായ അംഗീകാരം ബില്ലിലൂടെ ഉറപ്പാക്കുന്നു.

പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ സഹകരണ ബാങ്കുകൾക്ക് ഇത് വലിയ ആശ്വാസമാകും. കോർ ബാങ്കിങ് സിസ്റ്റത്തിൽ സൂക്ഷിക്കുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ, സ്ഥിര നിക്ഷേപ (എഫ്.ഡി.) വിവരങ്ങൾ, വായ്പാ രേഖകൾ, യു.പി.ഐ. ഇടപാട് വിവരങ്ങൾ എന്നിവ കോടതിയിൽ എളുപ്പത്തിൽ തെളിവായി ഹാജരാക്കാൻ സാധിക്കും.

ബാങ്ക് ജീവനക്കാർക്ക് കോടതിയിൽ നേരിട്ട് ഹാജരാകേണ്ട സാഹചര്യം കുറയുന്നതോടെ സേവന കാര്യക്ഷമത വർധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, ഡിജിറ്റൽ രേഖകളുടെ സുരക്ഷ, ബാക്കപ്പ്, ഓഡിറ്റ് ട്രെയിൽ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതിനാൽ സഹകരണ ബാങ്കുകൾ റെക്കോർഡ് മാനേജ്മെന്റ് സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടാകും.

ഡിജിറ്റൽ ബാങ്കിങ് നടത്തുന്ന സ്ഥാപനങ്ങൾക്ക് നിയമപരമായ സംരക്ഷണം വർധിപ്പിക്കുകയും കോടതി നടപടികൾ ലളിതമാക്കുകയും ചെയ്യുന്ന സുപ്രധാന പരിഷ്‌കാരമായാണ് പുതിയ ബിൽ വിലയിരുത്തപ്പെടുന്നത്.