സഹകരണ വകുപ്പ് വാർഷിക പദ്ധതി 2026-2027ന്റെ ഭാഗമായി നടപ്പാക്കുന്ന "100% ഊർജ്ജ സ്വയംപര്യാപ്ത ഗ്രാമങ്ങൾ" പദ്ധതിയിലേക്ക് അർഹരായ സഹകരണ സംഘങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. സഹകരണ സ്ഥാപനങ്ങളിൽ പുനരുപയോഗ ഊർജ്ജത്തിന്റെ ഉപയോഗം വർധിപ്പിക്കുക, വൈദ്യുതി ചെലവ് കുറയ്ക്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
1000 ചതുരശ്ര അടിയിൽ കുറയാത്ത സ്വന്തമായി കെട്ടിടമുള്ള സഹകരണ സംഘങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. റൂഫ് ടോപ്പ് സോളാർ സംവിധാനം സ്ഥാപിക്കുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്. പദ്ധതിയുടെ ധനവിനിയോഗ മാതൃക പ്രകാരം 50 ശതമാനം സഹകരണ വായ്പയും, 15 ശതമാനം ബാങ്ക് വായ്പയും, 25 ശതമാനം സർക്കാർ സബ്സിഡിയും ലഭിക്കും. സംഘം വഹിക്കേണ്ടത് വെറും 10 ശതമാനം മാത്രമാണ്. പദ്ധതി കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ (KSEB) സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
പദ്ധതിയിൽ പങ്കെടുക്കുന്നതിനായി അപേക്ഷിക്കുന്ന സംഘങ്ങൾക്ക് സ്വന്തമായി 1000 ചതുരശ്ര അടിയിൽ കുറയാത്ത കെട്ടിടം ഉണ്ടായിരിക്കണം. പെയ്ഡ് സെക്രട്ടറി ഉണ്ടായിരിക്കണം, കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ചുവരുന്ന സംഘമായിരിക്കണം, കൂടാതെ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനവുമായിരിക്കണം.
അപേക്ഷയോടൊപ്പം സംഘത്തിന്റെ രജിസ്ട്രേഷൻ ലൈസൻസ്, നിയമാവലി, ഓഡിറ്റ് സർട്ടിഫിക്കറ്റ്, കടബാധ്യത രഹിത സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും സമർപ്പിക്കണം. പദ്ധതി പ്രകാരം ഏതെങ്കിലും സംഘങ്ങൾക്ക് ധനസഹായം ആവശ്യമുണ്ട് എന്ന പക്ഷം പ്രൊപ്പോസലുകൾ തയ്യാറാക്കി 31. 7. 2026നു എ ആർ സമക്ഷം സമർപ്പിക്കേണ്ടതാണ്. മുൻപ് നൽകിയ ഗവൺമെന്റ് പദ്ധതി പ്രകാരം ഉള്ള പ്രൊപ്പോസലുകളിൽ ഏതെങ്കിലും റെക്ടിഫിക്കേഷന്‍ പ്രകാരം തിരികെ വന്നിട്ടുണ്ടെങ്കിൽ ആയതും തിരുത്തി 31.7 2026ൽ ഓഫീസിൽ സമർപ്പിക്കാവുന്നതാണ്
എന്നാൽ പദ്ധതി ലാഭത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ മാത്രം എന്ന നിബന്ധന തീർത്തും അശാസ്ത്രിയമാണെന്നും , ഗവൺമെൻറ് സദുദ്ദേശത്തോടെ തുടങ്ങിയ പദ്ധതി നടപ്പിലാക്കിയാൽ സഹകരണ സംഘങ്ങൾക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ ലഭ്യമാക്കാതിരിക്കാൻ വേണ്ടിയാണ് ഈ ക്ലോസ്സ് എഴുതിച്ചേർത്തിരിക്കുന്നതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട് . ഓഡിറ്റ് കോസ്റ്റ് അടക്കുന്ന കാര്യത്തിലും ഗവൺമെൻറ്ന്റെയും സഹകരണ വകുപ്പിൻറെയും വിവിധ പരിപാടികളുടെ വിജയത്തിന് സംഭാവന സ്വീകരിക്കുന്ന കാര്യത്തിലും യാതൊരു ലാഭ നഷ്ടവും നോക്കിയല്ല സംഭാവന സ്വീകരിക്കുന്നതെന്ന ആക്ഷേപവും സഹകരണമേഖലയിലുണ്ട് .
കേരളത്തിലെ മുഴുവൻ സഹകരണ സംഘങ്ങളെയും പരിഗണിച്ചുകൊണ്ട് 100% ഊർജ്ജ സ്വയംപര്യാപ്ത ഗ്രാമങ്ങൾ" പദ്ധതി നടപ്പിലാക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു .