ഒരുക്കങ്ങൾ വിലയിരുത്തി സഹകരണ മന്ത്രി എം. ലിജു; കാസർഗോഡ് ജില്ലയിലുടനീളം വിപുലമായ പ്രചാരണ പരിപാടികൾ
കാഞ്ഞങ്ങാട്: 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം നവംബർ 20-ന് കാഞ്ഞങ്ങാട് പലേഡിയം കൺവെൻഷൻ സെന്ററിൽ നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ സഹകരണ മന്ത്രി എം. ലിജു നേരിട്ട് വിലയിരുത്തി. സഹകരണ പ്രസ്ഥാനത്തിന്റെ നേട്ടങ്ങളും സന്ദേശങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വിപുലമായ പരിപാടികളാണ് വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന സമ്മേളനം, സഹകരണ സെമിനാർ, ഘോഷയാത്ര തുടങ്ങിയ പ്രധാന പരിപാടികൾക്കൊപ്പം കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. സഹകരണ മേഖലയിലെ ജനപങ്കാളിത്തം വർധിപ്പിക്കുകയും സഹകരണ പ്രസ്ഥാനത്തിന്റെ ഐക്യവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിക്കാട്ടുകയുമാണ് പരിപാടികളുടെ ലക്ഷ്യം.
പ്രചാരണ പരിപാടികൾ ഇങ്ങനെ
ഒക്ടോബർ 29: കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം ദേശീയപാത മേൽപ്പാലത്തിന് താഴെ ഉച്ചയ്ക്ക് മൂന്നിന് ‘വാക്കും വരയും’ പരിപാടി സംഘടിപ്പിക്കും.
നവംബർ 1: കേരളപ്പിറവി ദിനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 73 സഹകരണ സംഘങ്ങളുടെ മുന്നിൽ ഓർമമരങ്ങൾ നടും. ഉച്ചയ്ക്ക് 2.30-ന് ഹോസ്ദുർഗ് ബാങ്ക് പരിസരത്ത് പരിപാടിയുടെ ഉദ്ഘാടനം നടക്കും.
നവംബർ 7: കുമ്പളയിൽനിന്ന് തൃക്കരിപ്പൂരിലേക്ക് ബൈക്ക് റാലി സംഘടിപ്പിക്കും.
നവംബർ 13: കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് അരങ്ങേറും.
നവംബർ 19: സമാപന സമ്മേളനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞങ്ങാട് പുതിയകോട്ടയിൽനിന്ന് കോട്ടച്ചേരി വരെ വിളംബര ജാഥ സംഘടിപ്പിക്കും.
സഹകരണ പ്രസ്ഥാനത്തിന്റെ സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി എല്ലാ അനുബന്ധ പരിപാടികളിലും സഹകാരികളും സഹകരണ ജീവനക്കാരും പൊതുജനങ്ങളും സജീവമായി പങ്കാളികളാകണമെന്ന് പ്രചാരണ കമ്മിറ്റി ചെയർമാനും കൺവീനറും അഭ്യർഥിച്ചു.
വിപുലമായ ജനപങ്കാളിത്തത്തോടെ വാരാഘോഷം വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് സംഘാടക സമിതി നടത്തുന്നത്.