കോഴിക്കോട്: സഹകരണ മേഖലയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് മാതൃകയായി, കാലിക്കറ്റ് സിറ്റി സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റി രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ബസ് പൊതുഗതാഗത സംവിധാനത്തിന് സമർപ്പിച്ചു. 2026 ഒക്ടോബർ 22ന് വൈകിട്ട് 5.30ന് ചാലപ്പുറത്തെ സൊസൈറ്റി ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ ബസിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമവും നിർവഹിച്ചു.

സൊസൈറ്റി ചെയർപേഴ്‌സൺ പ്രീമ മനോജ് ബസിന്റെ താക്കോൽ കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ പി.എസ്. പ്രമോജ് ശങ്കറിന് കൈമാറി. രജത ജൂബിലിയുടെ ഭാഗമായി പൊതുഗതാഗത മേഖലയ്ക്ക് നൽകിയ ഈ സംഭാവന സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹിക ഉത്തരവാദിത്വത്തിന്റെയും പൊതുനന്മയോടുള്ള പ്രതിബദ്ധതയുടെയും ശ്രദ്ധേയമായ ഉദാഹരണമായി.

കെ.എസ്.ആർ.ടി.സി.യുടെ ഭാവി ശോഭനമെന്ന് മന്ത്രി

കെ.എസ്.ആർ.ടി.സി. മുങ്ങുന്ന കപ്പലല്ലെന്നും ഉദിച്ചുയരുന്ന സൂര്യനാണെന്നും മന്ത്രി സി.പി. ജോൺ പറഞ്ഞു. ട്രേഡ് യൂണിയൻ സംഘടനകളുടെ സാന്നിധ്യം ആവശ്യമായി കാണുന്ന സർക്കാരാണ് കേരളത്തിലുള്ളത്. പൊതുഗതാഗത മേഖലയിൽ നിക്ഷേപം നടത്തുന്ന വ്യക്തികളോടും കമ്പനികളോടും സർക്കാരിന് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല തീർഥാടനത്തിനായി കെ.എസ്.ആർ.ടി.സി. പുതിയ പാക്കേജ് നടപ്പാക്കുന്നുണ്ടെന്നും ഭക്തർക്ക് ബസുകൾ ചാർട്ടർ ചെയ്ത് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അയ്യപ്പഭക്തർ ഉള്ള സ്ഥലങ്ങളിൽ എത്തി അവരെ കയറ്റി പമ്പയിലെത്തിക്കുന്ന രീതിയിലാണ് ചാർട്ടേഡ് സർവീസുകൾ ക്രമീകരിക്കുന്നത്.

ഒരു ബസിൽ 45 ടിക്കറ്റുകൾ നിർബന്ധമാണെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. തീർഥാടക സംഘങ്ങൾ യാത്രക്കാരുടെ എണ്ണം മുൻകൂട്ടി ഏകോപിപ്പിക്കണം. ചാർട്ടേഡ് സർവീസുകൾക്ക് അധിക നിരക്ക് ഈടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബസുകൾക്കൊപ്പം ട്രക്കുകളും ലീസിനെടുത്ത് പ്രവർത്തനം വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ ട്രക്കുകൾ എത്തുന്നതോടെ കെ.എസ്.ആർ.ടി.സി.യുടെ പ്രവർത്തനം കൂടുതൽ ലാഭകരമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

പുസ്തകപ്രകാശനവും ചടങ്ങിന്റെ ഭാഗമായി

ചടങ്ങിൽ എം.വി.ആർ. കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ രചിച്ച ‘ഇതാ ഇവിടെ വരെ – ഒരു സഹകരണ യാത്രയുടെ കഥ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. മന്ത്രി സി.പി. ജോൺ പുസ്തകം പ്രകാശനം ചെയ്തു. എം.വി.ആർ. കാൻസർ സെന്റർ ഡയറക്ടർ ഷെവലിയാർ സി.ഇ. ചാക്കുണ്ണി പുസ്തകം ഏറ്റുവാങ്ങി.

കോഴിക്കോട് സൗത്ത് എം.എൽ.എ അഡ്വ. ഫൈസൽ ബാബു സ്വാഗതം പറഞ്ഞു. കോഴിക്കോട് നോർത്ത് എം.എൽ.എ അഡ്വ. കെ. ജയന്ത് അധ്യക്ഷത വഹിച്ചു. സൊസൈറ്റി ജനറൽ മാനേജർ സാജു ജെയിംസ് റിപ്പോർട്ട് അവതരിപ്പിച്ചു.

എം.വി.ആർ. കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, ചാലപ്പുറം വാർഡ് കൗൺസിലർ അനിൽകുമാർ കെ.പി., ജെബി ഐ ചെറിയാൻ (ആർ.ടി.ഒ.), വിവിധ കെ.എസ്.ആർ.ടി.സി. ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ ആശംസകൾ നേർന്നു.

പി. റഷീദ് (KSRTEA–CITU), നൗഷാദ് ടി.കെ. (KSTWU–INTUC), വിനയൻ കെ.കെ. (KSTES–BMS), രനീഷ് എ.സി. (KSTEU–AITUC), അബ്ദുൾ മജീദ് കെ. (KSTDU), സുരേഷ് ചാലിൽപ്പുറായി (STU), സുബ്രഹ്മണ്യൻ എ. (FFJ–L-ITEF) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡയറക്ടർ സജീവ് വി. നന്ദി അറിയിച്ചു.

പൊതുനന്മയ്ക്ക് കൈകോർത്ത സഹകരണ പ്രസ്ഥാനം

സഹകരണ സ്ഥാപനങ്ങൾ സാമ്പത്തിക ഇടപാടുകളിൽ മാത്രം ഒതുങ്ങാതെ പൊതുസമൂഹത്തിന്റെ ആവശ്യങ്ങൾക്കായി കൂടി പ്രവർത്തിക്കണമെന്ന സന്ദേശമാണ് കാലിക്കറ്റ് സിറ്റി സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഈ സംരംഭം നൽകുന്നത്. രജത ജൂബിലി ആഘോഷത്തെ പൊതുഗതാഗത മേഖലയ്ക്കുള്ള പ്രയോജനകരമായ സംഭാവനയാക്കി മാറ്റിയതിലൂടെ സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹിക പ്രതിബദ്ധത വീണ്ടും ഉയർത്തിക്കാട്ടുകയാണ് സൊസൈറ്റി.