തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ അഗ്രിക്കൾച്ചർ സ്റ്റാഫ് കോഓപ്പറേറ്റീവ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ (ACSTI) നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ സഹകരണ വകുപ്പ് രജിസ്ട്രാർ പുതിയ അന്വേഷണ സമിതിയെ നിയോഗിച്ചു.
2019-ൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോഗ്രാം ഓഫീസർ തസ്തികയിൽ നിയമനം നടത്തിയപ്പോൾ 46-ാം വയസ്സിൽസ്ഥിരനിയമനം നൽകിയെന്നാണ് പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.
തിരുവനന്തപുരം ഇൻസ്പെക്ഷൻ സെല്ലിലെ ഡെപ്യൂട്ടി രജിസ്ട്രാർമാരായ അസ്ലം വി.വി., ഷിബു എസ്. എന്നിവരെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നാണ് നിർദേശം.
ഇൻസ്റ്റിറ്റ്യൂട്ടിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ടി.ആർ. രമേഷിനെതിരെയും വിവിധ പരാതികൾ ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോയെന്നതും അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൺവിള സ്വദേശി അജയകുമാർ കെ. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് മന്ത്രി എം. ലിജു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടർനടപടികളുടെ ഭാഗമായാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
സഹകരണ രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് 40 വയസ്സ് പ്രായപരിധി നിലനിൽക്കെയാണ് 46-ാം വയസ്സിൽ സ്ഥിരനിയമനം നൽകിയതെന്ന ആരോപണം വിഷയത്തിൽ നിർണായകമാണ്. നിയമനസമയത്ത് ബാധകമായിരുന്ന ചട്ടങ്ങൾ, പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ടോയെന്നത്, നിയമന നടപടികളുടെ സുതാര്യത എന്നിവ അന്വേഷണത്തിൽ പരിശോധിക്കപ്പെടും.