ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരിയുടെ വിയോഗത്തിൽ അനുശോചിക്കാൻ ചേർന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും യോഗം വികാരനിർഭരമായ രംഗങ്ങൾക്ക് സാക്ഷിയായി. കണ്ണീരിലും ഗദ്ഗദത്തിലും മുങ്ങിയ അനുശോചന വാക്കുകളിൽ, ചെയർമാൻ പകർന്നുനൽകിയ സ്വപ്നങ്ങളും ദർശനങ്ങളും യാഥാർഥ്യമാക്കുമെന്ന ഉറച്ച പ്രതിജ്ഞയാണ് മുഴങ്ങിയത്.
സൊസൈറ്റി ആസ്ഥാനത്ത് വൈസ് ചെയർമാൻ എം. എം. സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ പി. പ്രകാശൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏറ്റവും മികച്ചത് സൃഷ്ടിക്കാനുള്ള അദമ്യമായ ആഗ്രഹവും, തുല്യതയ്ക്കായുള്ള പോരാട്ടവും, സഹജീവികളെ ചേർത്തുപിടിക്കുന്ന മനസ്സും രമേശൻ പാലേരിയുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളായിരുന്നുവെന്ന് പ്രമേയം അനുസ്മരിച്ചു.
“ഊരാളുങ്കൽ സൊസൈറ്റിയെ ലോകശ്രദ്ധയിലെത്തിച്ച മഹാപ്രസ്ഥാനമാക്കി കൈമാറിയാണ് രമേശൻ പാലേരി വിടവാങ്ങിയത്. അത് എക്കാലവും സ്മരിക്കപ്പെടും. അടുത്ത കാൽനൂറ്റാണ്ടിന്റെ മുന്നേറ്റത്തിനായുള്ള വ്യക്തമായ കാഴ്ചപ്പാടും അദ്ദേഹം വിഷൻ ഡോക്യുമെന്റിലൂടെ പകർന്നുനൽകി” എന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
പുതിയ കാലത്തിന്റെ സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് മുന്നേറാനുള്ള ശക്തമായ അടിത്തറയും കാര്യശേഷിയും സ്ഥാപനത്തിൽ സൃഷ്ടിച്ച രമേശൻ പാലേരി, കരുത്തുറ്റതും സർഗാത്മകവുമായ നേതൃത്വത്തിന്റെ മാതൃകയായിരുന്നുവെന്നും യോഗം വിലയിരുത്തി.
“അദ്ദേഹം കാട്ടിത്തന്ന വഴികളിൽനിന്ന് ഉൾക്കൊണ്ട മൂല്യങ്ങൾ മുറുകെപ്പിടിച്ച് യുഎൽസിസിഎസ് കൈവരിക്കുന്ന ഓരോ ഉയരവും അദ്ദേഹത്തിനുള്ള ഏറ്റവും ഉചിതമായ സ്മാരകമാകും” എന്നും അനുശോചന പ്രമേയം വ്യക്തമാക്കി.
യുഎൽസിസിഎസ് മാനേജിംഗ് ഡയറക്ടർ എസ്. ഷാജു സ്വാഗതം ആശംസിച്ച യോഗത്തിൽ സീനിയർ ഡയറക്ടർ വി. കെ. അനന്തൻ, ഡയറക്ടർമാരായ പി. കെ. സുരേഷ് ബാബു, കെ. ടി. രാജൻ, കെ. ടി. കെ. അജി, ടി. ടി. ഷിജിൻ, യുഎൽസിസിഎസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം. കെ. ജയരാജ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ പ്രതിനിധികൾ അനുശോചനങ്ങൾ രേഖപ്പെടുത്തി.
സൊസൈറ്റിയിലെ മെമ്പർമാർ, നോൺ മെമ്പർമാർ, ഉപസ്ഥാപനങ്ങളിലെ ജീവനക്കാർ, ഓഫീസ് സ്റ്റാഫ്, സാങ്കേതിക ജീവനക്കാർ തുടങ്ങി നിരവധിപേർ യോഗത്തിൽ പങ്കെടുത്തു.
രമേശൻ പാലേരി പകർന്നുനൽകിയ ദർശനങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മുന്നേറുമെന്ന കൂട്ടായ പ്രതിജ്ഞയോടെയാണ് അനുശോചനയോഗം സമാപിച്ചത്.