ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി(66) അന്തരിച്ചു.
കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിൽ രാവിലെ 8 30ന് ആയിരുന്നു അന്ത്യം.അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
ഊരാളുങ്കലിനെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ തൊഴിലാളി സൊസൈറ്റിയായി വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി ആയിരുന്നു .സഹകരണ രംഗത്തെ വികസനത്തിന് പുതിയ തുടക്കമിട്ട് മൂന്നര പതിറ്റാണ്ടിലേറെ ഊരാളുങ്കൽ സൊസൈറ്റിയെ നയിച്ചു.ഒരു സഹകരണ പ്രസ്ഥാനത്തെ അന്തർദേശീയ തലത്തിലേക്കുയർത്തി അംഗീകാരങ്ങൾ നേടിക്കൊടുത്ത വ്യക്തിയാണ് രമേശൻ പാലേരി.
സഹകരണ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യവും വ്യക്തിത്വവുമായ പാലേരി രമേശന്റെ നിര്യാണം സഹകരണ പ്രസ്ഥാനത്തിനും കേരള സമൂഹത്തിനും വലിയ നഷ്ടമാണ്.
ദീർഘകാലം യു.എൽ.സി.സി.എസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം, ഒരു സ്ഥാപനം സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിലുപരി, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിലും സഹകരണ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകാൻ ശ്രമിച്ചു. സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടും.
വിനയവും ലാളിത്യവും പ്രവർത്തനമികവും കൈമുതലാക്കിയിരുന്ന പാലേരി രമേശൻ സഹപ്രവർത്തകരുടെയും തൊഴിലാളികളുടെയും വിശ്വാസം നേടിയ നേതാവായിരുന്നു. വികസനവും മാനവികതയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് അദ്ദേഹം തന്റെ പ്രവർത്തനങ്ങളിലൂടെ തെളിയിച്ചു.മികച്ച സഹകരണ പ്രവർത്തകനുള്ള അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. റോബർട്ട് ഓവൻ അവാർഡ്, ഗ്ലോബൽ കടത്തനാടൻ അവാർഡ്, ദേശീയ പാത അതോറിറ്റിയുടെ NHAI ബെസ്റ്റ് പെർഫോമർ അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.