കേരളത്തിന് സ്വന്തമായി ഒരു സഹകരണ വിമാനക്കമ്പനി യാഥാർത്ഥ്യമാകുന്നു. 'കേരള സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്' എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്യും. ഈ വെള്ളിയാഴ്ച രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. സർക്കാരിന്റെ പൂർണ പിന്തുണയോടെ ഏപ്രിലിൽ സർവീസ് തുടങ്ങാനാണ് ലക്ഷ്യമെന്ന് എം.വി.ആർ. കാൻസർ സെന്റർ ചെയർമാനും സഹകരണ രംഗത്തെ പ്രമുഖനുമായ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു. മന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനങ്ങൾ ലീസിനെടുത്താണ് സർവീസ് ആരംഭിക്കുക. 'കോ-എയർ' എന്നായിരിക്കും പേര്. മൂലധനത്തിന്റെ 55 ശതമാനം സഹകരണ സംഘങ്ങളിൽ നിന്നും ബാക്കി പൊതുജനങ്ങളിൽ നിന്നും സമാഹരിക്കും. 200 സഹകരണ സംഘങ്ങളിൽ നിന്നായി 2 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. തുടക്കത്തിൽ 2 വിമാനങ്ങൾ ലീസിനെടുക്കും. കേരളത്തിനകത്തും ബെംഗളൂരു, കോയമ്പത്തൂർ, മംഗലാപുരം, ചെന്നൈ, മധുര എന്നിവിടങ്ങളിലേക്കുമായിരിക്കും പ്രധാന സർവീസുകൾ. ചെറുവിമാനങ്ങൾക്ക് പുറമെ ഹെലികോപ്റ്റർ, എയർ ആംബുലൻസ് സേവനങ്ങളും ആരംഭിക്കും.
പോലീസ്, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന പോലീസിനും ആരോഗ്യ വകുപ്പിനും ഈ വിമാനങ്ങൾ ഉപയോഗിക്കാനാകും. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവുമായി ഡൽഹിയിൽ ചർച്ച നടത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണ പദ്ധതിക്കുണ്ടെന്നും സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു.