വായ്പ തിരിച്ചടവിൽ ഒറ്റത്തവണ തീർപ്പാക്കൽ (OTS) പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ മൗലികാവകാശമായി ഉന്നയിക്കാൻ കടക്കാർക്ക് നിയമപരമായി സാധിക്കില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. മുൻപ് നൽകിയ അവസരങ്ങൾ വിനിയോഗിക്കുന്നതിൽ വീഴ്ചവരുത്തിയ വ്യക്തിക്ക് സ്വന്തം താല്പര്യപ്രകാരം മറ്റൊരു പദ്ധതി തയ്യാറാക്കി നൽകണമെന്ന് ബാങ്കിനോട് ആവശ്യപ്പെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി (W.A No. 3177/2025).
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ അതിലെ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ ഉപയോഗിക്കാനാകൂ. ബാങ്കും ഉപഭോക്താവും തമ്മിലുള്ള ബന്ധം അടിസ്ഥാനപരമായി ഒരു കരാറിന്റെ പരിധിയിൽ വരുന്നതാണ്. ഇത്തരം കരാറുകളിൽ ഇടപെടാനും മാറ്റിയെഴുതാനും റിട്ട് കോടതികൾക്ക് അധികാരമില്ല. ആയതിനാൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ വ്യവസ്ഥകൾ നീട്ടിനൽകാനോ അതിൽ മാറ്റങ്ങൾ വരുത്താനോ ബാങ്കിനോട് നിർദ്ദേശിച്ചുകൊണ്ട് 'റിട്ട് ഓഫ് മാൻഡമസ്' (Writ of Mandamus) പുറപ്പെടുവിക്കാൻ സാധിക്കില്ലെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം ഇതിനായി നൽകുന്ന റിട്ട് ഹരജികൾ നിലനിൽക്കില്ലെന്നും കോടതി പ്രസ്താവിച്ചു.
ബാങ്കിന്റെ നിയമപരമായ ജപ്തി നടപടികൾ വൈകിപ്പിക്കുന്നതിന് വേണ്ടി 2021 മുതൽ ഹരജിക്കാർ തുടർച്ചയായി റിട്ട് ഹരജികൾ ഫയൽ ചെയ്യുകയായിരുന്നുവെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. മുൻപ് തവണകളായി പണമടയ്ക്കാനും പരിശോധനകൾ നടത്താനും കോടതി അവസരം നൽകിയിട്ടും ഹരജിക്കാർ അത് പാലിച്ചില്ല.
മുൻകാലങ്ങളിൽ നൽകിയ ആനുകൂല്യങ്ങൾ തുടർച്ചയായി ലംഘിച്ച ശേഷം വീണ്ടും പുതിയ ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യം ആവശ്യപ്പെടാനോ ബാങ്ക് ഹാജരാക്കിയ കണക്കുകൾ റദ്ദാക്കാൻ ആവശ്യപ്പെടാനോ അപ്പീൽവാദികൾക്ക് അവകാശമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി അപ്പീൽ തള്ളി. ഇതോടെ ബാങ്കിന് നിയമപരമായ ജപ്തി നടപടികളുമായി മുന്നോട്ട് പോകാം.