തിരുവനന്തപുരം, സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങൾക്കും ഓണം പ്രമാണിച്ച് ഉത്സവബത്ത അനുവദിക്കുന്നതിന് സഹകരണ വകുപ്പ് നടപടി സ്വീകരിച്ചു. സഹകരണ സംഘം രജിസ്ട്രാർ ഇൻബശേഖർ കെ., ഐ.എ.എസ്. സഹകരണ വകുപ്പ് മന്ത്രി എം ലിജുവിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ചരിത്രത്തിലാദ്യമായി സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗങ്ങൾക്ക് ഉത്സവബത്ത അനുവദിക്കുന്നത്.പ്രാഥമിക, അർബൻ, മൾട്ടി പർപ്പസ്, കയർഫെഡ് തുടങ്ങിയ സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങൾക്ക് ഉത്സവബത്ത അനുവദിക്കുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. കേരള സഹകരണ സംഘ നിയമവും ചട്ടങ്ങളും പാലിച്ചുകൊണ്ട്, സംഘങ്ങളുടെ സ്വന്തം ഫണ്ടിൽ (Own Fund) നിന്നാണ് തുക അനുവദിക്കേണ്ടത്.

പഞ്ചായത്ത് അംഗങ്ങൾക്കും കൗൺസിലർമാർക്കും ഉത്സവബത്ത അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങൾക്കും ഉത്സവബത്ത അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സഹകരണ ജനാധിപത്യ വേദി 2026 ആഗസ്റ്റ് 22-ന് സമർപ്പിച്ച നിവേദനവും പരിഗണിച്ചാണ് നടപടി.

ഉത്തരവ് പ്രകാരം അർഹരായ സഹകരണ സംഘം ഭരണസമിതി അംഗങ്ങൾക്ക് ഒരാൾക്ക് ₹1,000 (ആയിരം രൂപ ) ഉത്സവബത്തയായി നൽകാം. സംഘത്തിന്റെ സാമ്പത്തിക സ്ഥിതിയും സ്വന്തം ഫണ്ടിന്റെ ലഭ്യതയും കണക്കിലെടുത്ത് ബന്ധപ്പെട്ട ഭരണസമിതികൾ നടപടി സ്വീകരിക്കണമെന്നാണ് നിർദേശം.

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ഭരണസമിതി അംഗങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് ഉത്സവബത്ത അനുവദിക്കുന്ന തീരുമാനം ഏറെ ആശ്വാസകരമാണെന്നാണ് വിലയിരുത്തൽ. സഹകരണ മേഖലയിലെ ജനപ്രതിനിധികൾക്കും അംഗീകാരവും പരിഗണനയും നൽകുന്ന നടപടിയായാണ് ഉത്തരവ് വിലയിരുത്തപ്പെടുന്നത്.