തിരു: എൻ.സി.ഡി.സി ഭേദഗതി ബില്ലിന് പിന്നിൽ കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢ ലക്ഷ്യമാണെന്ന് സംസ്ഥാന സഹകരണ യൂണിയൻ ചെയർപേഴ്സൺ കോലിയക്കോട്. എൻ. കൃഷ്ണൻ നായർ പറഞ്ഞു.
ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്കെതിരായ ഈ ബില്ല് പിൻവലിക്കാൻ കേന്ദ്രം തയ്യാറാവണം .
കേരളത്തിലടക്കം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരക്കിട്ട് ബിൽ പാസാക്കിയത്. ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായോ രാജ്യത്തെ എട്ടുലക്ഷം സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായോ കൂടിയാലോചന നടത്തിയിട്ടില്ല. സഹകരണ വിരുദ്ധ നീക്കം ഇതിൽ നിന്നും വ്യക്തമാണ്.
സഹകരണസ്ഥാപനങ്ങളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്കുള്ള മേൽനോട്ട- മാർഗനിർദേശ അധികാരങ്ങൾ ഇല്ലാതാക്കു ന്നതാണ് എൻസിഡിസി ഭേദഗതി ബിൽ. എൻസിഡിസി സാമ്പത്തിക സഹായം നൽകിയിരുന്നത് സംസ്ഥാന സർക്കാരുകൾ മുഖാന്തിരമോ സഹകരണ ബാങ്കുകൾ വഴിയോ ആയിരുന്നു. പുതിയ ഭേദഗതിയിലൂടെ സാമ്പത്തികസഹായം എൻസിഡിസിക്ക് നേരിട്ട് സഹകരണ സൊസൈറ്റികൾക്കോ മൂ
ന്നാം കക്ഷികൾക്കോ നൽകാം. ഇത് അധികാര കേന്ദ്രീകരണത്തിനും സ്വജനപക്ഷപാതത്തിനും വഴി വെയ്ക്കും.
മാത്രമല്ല സഹകരണം സംസ്ഥാന വിഷയം ആണെന്നിരിക്കെ ഫെഡറൽ തത്വങ്ങൾ പോലും ഹനിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നതെന്ന് കോലിയക്കോട് എൻ കൃഷ്ണൻ നായർ കുറ്റപ്പെടുത്തി.
സഹകരണ സ്ഥാപനങ്ങൾ ബലമായി പിടിച്ചെടുക്കുന്നതിനുള്ള അജണ്ട ബില്ലിന് പിന്നിലുണ്ട്.
കേരളത്തിലെ സഹകരണ മേഖലയിൽ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ മുതൽ കേരള ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വരെ സംസ്ഥാനത്തിന്റെ സഹകരണ നിയമത്തിന്റെയും ജനാധിപത്യ നിയന്ത്രണത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഈ ഘടനയെ മറികടന്ന് കേന്ദ്രതലത്തിൽ നേരിട്ടുള്ള സാമ്പത്തിക ഇടപെടലുകൾ വർധിക്കുന്നത് സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ അട്ടിമറിക്കാൻ ഇടയാക്കമെന്നും അദ്ദേഹം വ്യക്തമാക്കി .
ധനസഹായം ലഭ്യമാക്കുന്നതിന്റെ പേരിൽ സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കേന്ദ്ര ഇടപെടലിന് വഴിയൊരുക്കുന്നത് അംഗീകരിക്കാനാകില്ല.
എൻ.സി.ഡി.സി ഭേദഗതി നിയമം റദ്ദാക്കി സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രം തയ്യാറാവണം. കേരളത്തിലെ സഹകരണ മേഖലയെ കേന്ദ്ര നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടും. സഹകരണ പ്രസ്ഥാനത്തിന്റെ സ്വയംഭരണവും ജനാധിപത്യ സ്വഭാവവും സംരക്ഷിക്കാൻ കേരളത്തിലെ സഹകാരി സമൂഹം കക്ഷി രാഷ്‌ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും കോലിയക്കോട് എൻ കൃഷ്ണൻ നായർ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.