കേരള സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം (GIS)
കേരള സർക്കാർ ജീവനക്കാർക്ക് സേവനകാലത്തും വിരമിക്കുമ്പോഴും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കിയ ക്ഷേമപദ്ധതിയാണ് Group Insurance Scheme (GIS) അഥവാ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി. 1984 സെപ്റ്റംബർ 1 മുതൽ നിലവിൽ വന്ന ഈ പദ്ധതി പൂർണ്ണമായും ജീവനക്കാരുടെ പ്രതിമാസ വരിസംഖ്യയെ (Subscription) അടിസ്ഥാനമാക്കിയുള്ള Contributory & Self Financing Scheme ആണ്. ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത, ജീവനക്കാരൻ സർവീസിലിരിക്കെ മരണപ്പെട്ടാൽ നോമിനിക്ക് ഇൻഷുറൻസ് തുകയും, ജീവനക്കാരൻ വിരമിക്കുമ്പോൾ അല്ലെങ്കിൽ സേവനം അവസാനിക്കുമ്പോൾ സമ്പാദ്യനിധിയിലെ (Savings Fund) തുകയും ലഭിക്കുന്നു എന്നതാണ്. അതായത്, ഒരു ഭാഗത്ത് ഇൻഷുറൻസ് പരിരക്ഷയും മറുഭാഗത്ത് സമ്പാദ്യവും ഒരുമിച്ച് ലഭിക്കുന്ന ഇരട്ട ആനുകൂല്യമുള്ള പദ്ധതിയാണ് GIS.
ഈ പദ്ധതി കേരള സർക്കാർ നിയമനചട്ടങ്ങൾ പ്രകാരം നിയമിതരായ സർക്കാർ ജീവനക്കാർക്കും, വർക്ക് ചാർജ്ഡ് എസ്റ്റാബ്ലിഷ്മെന്റിലെയും കണ്ടിജന്റ് എസ്റ്റാബ്ലിഷ്മെന്റിലെയും ടൈം സ്കെയിൽ ജീവനക്കാർക്കും, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കും ജീവനക്കാർക്കും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർക്കും, സർവകലാശാലകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് അർദ്ധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും സർക്കാർ ഉത്തരവ് പ്രകാരം ബാധകമാക്കാവുന്നതാണ്. എന്നാൽ കാഷ്വൽ ജീവനക്കാർ, ഒരു മാസത്തിൽ താഴെ നോട്ടീസിൽ പിരിച്ചുവിടാവുന്നവർ, പ്രത്യേക നിയമപ്രകാരം സേവനമനുഷ്ഠിക്കുന്നവർ തുടങ്ങിയവർക്ക് ഈ പദ്ധതി ബാധകമല്ല. മതസന്യാസ സഭകളിൽപ്പെട്ട ജീവനക്കാർക്ക് ഈ പദ്ധതിയിൽ അംഗത്വം ഐച്ഛികമാണ്. 50 വയസ്സ് കഴിഞ്ഞ ജീവനക്കാർക്ക് GIS പദ്ധതിയിൽ ചേരാൻ അർഹതയില്ല.
1984 സെപ്റ്റംബർ 1-ന് മുമ്പ് സർവീസിലുണ്ടായിരുന്ന ജീവനക്കാർക്ക് ഈ പദ്ധതിയിൽ ചേരുന്നത് ഐച്ഛികമായിരുന്നുവെങ്കിലും, അതിനുശേഷം സർക്കാർ സർവീസിൽ പ്രവേശിക്കുന്ന എല്ലാ ജീവനക്കാർക്കും GIS അംഗത്വം നിർബന്ധമാണ്. ഓരോ ജീവനക്കാരനെയും ഓഫീസ് മേധാവി പദ്ധതിയിൽ അംഗമാക്കി, സർവീസ് ബുക്കിൽ അതിന്റെ രേഖപ്പെടുത്തലും ആദ്യ മാസത്തെ ശമ്പളത്തിൽ നിന്ന് വരിസംഖ്യ ഈടാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. നിലവില്‍ ഇന്‍ഷുറന്‍സ് വകുപ്പിന്റെ വിശ്വാസ് പോര്‍ട്ടല്‍ ഡൌണ്‍ ആയതിനാല്‍ ജീവനക്കാരെ GIS ല്‍ ഓണ്‍ലൈന്‍ ആയി ജോയിപ്പിക്കുവാന്‍ കഴിയുകയില്ല. ആയതിനാല്‍ സ്ഥാപന മേധാവിയുടെ കവറിംഗ് ലെറ്റര്‍ , ആദ്യ മാസ സാലറിയില്‍ നിന്നും GIS ഈടാക്കിയതിന്റെ സ്പാര്‍ക്ക് ഷെഡ്യൂള്‍ , GIS Form C എന്നിവ സഹിതം ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസിലേക്ക് അപേക്ഷ നല്‍കേണ്ടതാണ്. GIS Account Number അനുവദിക്കുന്ന മുറക്ക് സ്പാര്‍ക്കില്‍ / ശമ്പള വിതരണ സോഫ്റ്റ്‌വെയറില്‍ അക്കൗണ്ട് നമ്പര്‍ ചേര്‍ക്കേണ്ടതാണ്.
GIS-ൽ ജീവനക്കാർ ശമ്പള സ്കെയിലിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളിലായി തരംതിരിക്കപ്പെടുന്നു. ഓരോ ഗ്രൂപ്പിനും നിശ്ചിത പ്രതിമാസ വരിസംഖ്യ സർക്കാർ നിശ്ചയിച്ചിട്ടുണ്ടാകും. ജീവനക്കാരന് സ്ഥാനക്കയറ്റം ലഭിച്ചത് മൂലമോ മറ്റ് കാരണങ്ങളാലോ ഉയർന്ന ശമ്പള ഗ്രൂപ്പിലേക്ക് മാറിയാല്‍ അടുത്ത സെപ്റ്റംബര്‍ മാസത്തെ സാലറി മുതല്‍ ഉയർന്ന ഗ്രൂപ്പിനനുസരിച്ചുള്ള വരിസംഖ്യ ഈടാക്കും. അതിനനുസരിച്ച് ഇൻഷുറൻസ് പരിരക്ഷയും വർധിക്കും. 2019-ലെ ശമ്പളപരിഷ്‌കരണത്തെ തുടർന്ന് സർക്കാർ പുതിയ GIS ഗ്രൂപ്പുകളും വരിസംഖ്യ നിരക്കുകളും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
Group A ₹77,200 - ₹1,40,500 മുതൽ മുകളിലോട്ട്
₹1,500 കുറഞ്ഞ വരിസംഖ്യ ₹2,000 പരമാവധി വരിസംഖ്യ
Group B ₹50,200 - ₹1,05,300 മുതൽ ₹77,200 - ₹1,40,500 വരെ
₹1,000 കുറഞ്ഞ വരിസംഖ്യ ₹2,000 പരമാവധി വരിസംഖ്യ
Group C ₹23,700 - ₹52,600 മുതൽ ₹50,200 - ₹1,05,300 വരെ
₹800കുറഞ്ഞ വരിസംഖ്യ ₹1,600പരമാവധി വരിസംഖ്യ
Group D ₹23,700 - ₹52,600-ന് താഴെ
₹400 കുറഞ്ഞ വരിസംഖ്യ ₹800 പരമാവധി വരിസംഖ്യ
UGC/Medical Edn/ AICTE തുടങ്ങിയ നിരക്കിൽ ശമ്പളം വാങ്ങുന്നവരുടെ Basic Pay + Personal Pay + Spl Pay + Grade Pay + DA എന്നിവയുടെ ആകെ തുകയുടെ 1.5 ശതമാനത്തിനെ 100 ൻ്റെ ഗുണിതമായി മുകളിലേയ്ക്ക് റൗണ്ട് ചെയ്തു GIS പ്രീമിയം നിർണ്ണയിക്കേണ്ടതാണ്. ഇങ്ങനെ നിർണ്ണയിക്കുന്ന പ്രീമിയം പരമാവധി 2000 രൂപയിൽ നിജപ്പെടുത്തേണ്ടതാണ്.
45 വയസ്സ് തികയാത്തവർക്ക് മാത്രമേ മിനിമം തുകയുടെ ഇരട്ടി വരെ പ്രീമിയം തുക അടയ്ക്കാൻ അർഹതയുള്ളു. ഇങ്ങനെ അടയ്ക്കുമ്പോൾ പരമാവധി പ്രീമിയം 2000 രൂപയിൽ അധികരിക്കാൻ പാടില്ല. (അതായത് ഒരു ജീവനക്കാരൻ 45 വയസ്സ് പിന്നിട്ടു കഴിഞ്ഞാൽ പിന്നീട് അധിക യൂണിറ്റുകൾ എടുത്ത് ഇൻഷുറൻസ് തുക വർദ്ധിപ്പിക്കാൻ സാധിക്കില്ല. അവർക്ക് തങ്ങളുടെ ഗ്രൂപ്പിന് അനുസരിച്ചുള്ള നിശ്ചിത തുക മാത്രമേ അടക്കാൻ കഴിയൂ. 5 വയസിനു മുമ്പ് അധിക തുക അടച്ചുവരുന്നവര്‍ക്ക് അത് തുടരാവുന്നതാണ് .)
GIS തുക വർദ്ധിപ്പിക്കുന്നത് നിലവിലുള്ള പോളിസിയിൽ തന്നെയായതിനാൽ ഇൻഷുറൻസ് വകുപ്പുമായി ബന്ധപ്പെട്ട് മറ്റ് നടപടിക്രമങ്ങൾ ഒന്നും ഇക്കാര്യത്തിൽ ചെയ്യേണ്ടതില്ല
ജീവനക്കാരൻ അടയ്ക്കുന്ന പ്രതിമാസ വരിസംഖ്യയിൽ ഒരു ഭാഗം Insurance Fund-ലേക്കും (30%) മറ്റൊരു ഭാഗം Savings Fund-ലേക്കുമാണ് (70%) നിക്ഷേപിക്കുന്നത്. Insurance Fund ഉപയോഗിച്ചാണ് സേവനകാലത്ത് ജീവനക്കാരൻ മരണപ്പെട്ടാൽ നോമിനിക്ക് ഇൻഷുറൻസ് തുക നൽകുന്നത്. Savings Fund-ലേക്ക് നിക്ഷേപിക്കുന്ന തുകയ്ക്ക് സർക്കാർ നിശ്ചയിക്കുന്ന പലിശയും ചേർത്ത് ജീവനക്കാരന്റെ പേരിൽ സമ്പാദ്യമായി സൂക്ഷിക്കുന്നു. ജീവനക്കാരൻ വിരമിക്കുമ്പോഴോ സേവനം അവസാനിക്കുമ്പോഴോ ഈ സമ്പാദ്യം പലിശ സഹിതം തിരികെ ലഭിക്കും. അതിനാൽ GIS ഒരു ഇൻഷുറൻസ് പദ്ധതി മാത്രമല്ല, ഒരു സമ്പാദ്യപദ്ധതി കൂടിയാണ്.
സർക്കാർ ജീവനക്കാർക്കായുള്ള GIS പദ്ധതിയിൽ പ്രതിമാസം വെറും 500 രൂപ വരിസംഖ്യ അടയ്ക്കുന്ന ഒരാൾക്ക് ലഭിക്കുന്ന ഏകദേശ ആനുകൂല്യങ്ങളുടെ കണക്കുകൾ നോക്കാം
10 വർഷം അടച്ചാൽ:
അടയ്ക്കുന്ന ആകെ തുക: 60,000 രൂപ
വിരമിക്കുമ്പോൾ ലഭിക്കുന്നത്: 66,500 രൂപ
മരണാനന്തര ആനുകൂല്യം: 10,66,500 രൂപ
20 വർഷം അടച്ചാൽ:
അടയ്ക്കുന്ന ആകെ തുക: 1,20,000 രൂപ
വിരമിക്കുമ്പോൾ ലഭിക്കുന്നത്: 2,20,100 രൂപ
മരണാനന്തര ആനുകൂല്യം: 12,20,100 രൂപ
30 വർഷം അടച്ചാൽ:
അടയ്ക്കുന്ന ആകെ തുക: 1,80,000 രൂപ
വിരമിക്കുമ്പോൾ ലഭിക്കുന്നത്: 6,76,400 രൂപ
മരണാനന്തര ആനുകൂല്യം: 16,76,400 രൂപ
ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് GIS വരിസംഖ്യ എല്ലാ മാസവും നിർബന്ധമായും ഈടാക്കണം. അവധിയിലായാലും, സസ്പെൻഷനിലായാലും, അന്യത്ര സേവനത്തിലയാലും നിയമാനുസൃതമായി ഈടാക്കേണ്ട നടപടികൾ സ്വീകരിക്കണം. തുടർച്ചയായി ആറുമാസം വരിസംഖ്യ അടയ്ക്കാതെ കുടിശ്ശിക വന്നാൽ അംഗത്വം റദ്ദ് ആകുകയും ഇൻഷുറൻസ് ആനുകൂല്യംനഷ്ടപ്പെടുകയും ചെയ്യും . പിന്നീട് പ്രീമിയം തുക പലിശ സഹിതം അടച്ച് പോളിസി റിവൈവ് ചെയ്യേണ്ടതായി വരും എന്ന കാര്യം ശ്രദ്ധിക്കുക.
GIS-ൽ Nomination വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഓരോ ജീവനക്കാരനും തന്റെ കുടുംബാംഗങ്ങളിൽ ഒരാളെയോ ഒരിലധികം പേരെയോ നോമിനിയായി രേഖപ്പെടുത്തണം. വിവാഹം, കുടുംബഘടനയിലെ മാറ്റം തുടങ്ങിയ സാഹചര്യങ്ങളിൽ പുതിയ നോമിനേഷൻ സമർപ്പിക്കേണ്ടതുണ്ട്. ജീവനക്കാരൻ മരണപ്പെട്ടാൽ ഇൻഷുറൻസ് തുകയും സമ്പാദ്യനിധിയിലെ തുകയും നോമിനിക്കാണ് ലഭിക്കുക. അതിനാൽ നോമിനേഷൻ കൃത്യമായി സൂക്ഷിക്കുകയും ആവശ്യമായപ്പോൾ പുതുക്കുകയും ചെയ്യുന്നത് എല്ലാ ജീവനക്കാരുടെയും ഉത്തരവാദിത്വമാണ്.
എസ് എല്‍ ഐ ല്‍ നിന്ന് വിഭിന്നമായി ജി ഐ എസ് നു പോളിസി സര്‍ട്ടിഫിക്കറ്റ് ഇല്ല പാസ്ബുക്ക് നഷ്ടപ്പെട്ടാല്‍ നിശ്ചിത ഫീസ് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസില്‍ അടച്ച് പുതിയ പാസ്ബുക്ക് കൈപ്പറ്റാവുന്നതാണ്. നമ്മള്‍ ജോലി ചെയ്ത ഓരോ ഓഫീസില്‍ നിന്നും പ്രീമിയം സംബന്ധിച്ച വിവരങ്ങള്‍ പാസ്ബുക്കില്‍ രേഖപ്പെടുത്തി ഡി ഡി ഒ യുടെ ഒപ്പ് ഉള്‍പ്പെടെ സൂക്ഷിക്കുക.
ഒരു ജീവനക്കാരൻ വിരമിക്കുമ്പോൾ, ജീവനക്കാരന്‍ പൂര്‍ണമായും പൂരിപ്പിച്ച പാസ്ബുക്ക് സഹിതം GIS Form 3 ല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതും സ്ഥാപന മേധാവില്‍ അതില്‍ പ്രകാരം GIS CLAIM REGISTRATION FORM ഫില്‍ ചെയ്ത് പാസ്ബുക്ക് സഹിതം ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസിലേക്ക് അപേക്ഷ നല്‍കുകയും ചെയ്യുക . ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നമ്മുടെ ഓഫീസ് മെയിലില്‍ ഒരു ഡിസ്ചാര്‍ജ് വൗച്ചര്‍ ലഭിക്കുന്നതാണ് . ഡിസ്ചാര്‍ജ് വൗച്ചറില്‍ റവന്യു സ്റ്റാമ്പ് പതിച്ച് ജീവനക്കാരന്‍ ഡി ഡി ഒ യുടെ സാന്നിധ്യത്തില്‍ ഒപ്പ് രേഖപ്പെടുത്തി പ്രസ്തുത ക്ലൈം വിവരങ്ങള്‍ ഓഫീസിലെ ക്ലൈം എന്‍ട്രി രജിസ്റ്ററില്‍ രേഖപ്പെടുത്തി സ്ഥാപന മേധാവിയുടെ ഒപ്പ് സഹിതം ജീവനക്കാരന്റെ ബാങ്ക് പാസ്ബുക്ക് ഫ്രണ്ട് പേജ് പകര്‍പ്പ് / ക്യാന്‍സല്‍ ചെയ്ത ചെക്ക് ലീഫ് സഹിതം വീണ്ടും ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസിലേക്ക് സമര്‍പ്പിക്കുമ്പോള്‍ ക്ലോഷര്‍ തുക ലഭിക്കുന്നതാണ്.
ജി ഐ എസ് നല്ലതാണോ ??
ഇൻഷുറൻസ് പരിരക്ഷാ തുകയുടെ (Life Cover Amount) അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, ജി ഐ എസ് (GIS) നൽകുന്ന ഇൻഷുറൻസ് തുക ഇന്നത്തെ കാലത്ത് തീർത്തും അപര്യാപ്തമാണ്. GIS-ൽ ലഭിക്കുന്ന ഇൻഷുറൻസ് കവറേജ് പരമാവധി ഏതാനും ലക്ഷങ്ങളിൽ മാത്രം ഒതുങ്ങുമ്പോൾ, ഒരു ടേം ഇൻഷുറൻസിൽ വളരെ ചെറിയൊരു വാർഷിക പ്രീമിയം അടച്ചുകൊണ്ട് 1 കോടി രൂപയുടെ വരെ വലിയൊരു ഇൻഷുറൻസ് പരിരക്ഷ കുടുംബത്തിന് ഉറപ്പാക്കാൻ സാധിക്കും. GIS-ൽ കാലാവധി പൂർത്തിയാകുമ്പോൾ പണം തിരികെ ലഭിക്കുമെന്നത് ശരിയാണെങ്കിലും, ഇൻഷുറൻസ് എന്നത് ഒരു നിക്ഷേപമല്ല എന്നകാര്യം നമ്മള്‍ വിസ്മരിക്കരുത്. പലരും ഇൻഷുറൻസിനെ വിലയിരുത്തുന്നത് “എത്ര രൂപ തിരികെ ലഭിക്കും” എന്ന മാനദണ്ഡം ഉപയോഗിച്ചാണ്. എന്നാൽ യഥാർത്ഥ ചോദ്യം “നമ്മളില്ലാത്ത സാഹചര്യത്തിൽ നമ്മുടെ കുടുംബത്തിന് എത്രത്തോളം സാമ്പത്തിക സുരക്ഷ ലഭിക്കും?” എന്നതാണ്. അത് കൊണ്ട് ചിന്തിക്കുക ഉചിതമായ ഒരു തീരുമാനം കൈക്കൊള്ളുക
source# Spark Desk