തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ പൂർണ്ണമായും ബാങ്ക് ഡി.ബി.റ്റി (Direct Benefit Transfer) അക്കൗണ്ടുകളിലേക്ക് മാത്രമാക്കാനുള്ള ധനകാര്യ വകുപ്പിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി യുനൈറ്റഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ (UCSA). കിടപ്പുരോഗികൾ ഒഴികെയുള്ളവരുടെ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കുന്ന ഉത്തരവ് (സ.ഉ. നം. 84/2026/FIN) പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പെൻഷൻ തുക വീടുകളിൽ നേരിട്ടെത്തിക്കുന്ന രീതി വയോധികർക്കും പാവപ്പെട്ടവർക്കും വലിയ ആശ്വാസമായിരുന്നുവെന്ന് സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സഹകരണ മേഖല നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിൽ പെൻഷൻ വിതരണത്തിൽ നിന്ന് സംഘങ്ങളെ മാറ്റിനിർത്തുന്നത് മേഖലയുടെ വിശ്വാസ്യതയെ തകർക്കുകയും ലക്ഷക്കണക്കിന് ജീവനക്കാരുടെ തൊഴിലിനെ ബാധിക്കുകയും ചെയ്യും. ചില സ്ഥാപനങ്ങളോ വ്യക്തികളോ നടത്തുന്ന വീഴ്ചകളുടെ പേരിൽ എല്ലാവരെയും ഒഴിവാക്കുന്നത് നീതിയുക്തമല്ലെന്ന് നിവേദനത്തിൽ പറയുന്നു. വീഴ്ച വരുത്തുന്നവരെ ശിക്ഷിച്ച് മാറ്റിനിർത്തണമെന്നും കൃത്യതയോടെ പ്രവർത്തിക്കുന്ന സൊസൈറ്റികൾ വഴി വീടുകളിൽ പെൻഷൻ എത്തിക്കുന്ന ജനക്ഷേമകരമായ രീതി തുടർന്നും നിലനിർത്തണമെന്നും അസോസിയേഷൻ പ്രസിഡന്റ് പി. മാധവനും ജനറൽ സെക്രട്ടറി നെല്ലിമൂട് പ്രഭാകരനും ആവശ്യപ്പെട്ടു. സഹകരണമേഖലയിലെ വിവിധ യൂണിയനുകൾ ഈ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുകയാണ് .
എന്നാൽ സഹകരണ മേഖലയിൽ നിന്നും ജനങ്ങളിൽ നിന്നും ഉയർന്ന ആശങ്കകളും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത്, ഈ പദ്ധതി തിടുക്കത്തിൽ നടപ്പാക്കില്ലെന്ന് സർക്കാർവ്യക്തമാക്കി. പെൻഷൻ തുക പൂർണ്ണമായും ബാങ്കുകൾ വഴിയാക്കാനുള്ള തീരുമാനം പെട്ടെന്ന് നടപ്പിലാക്കുമ്പോൾ വയോധികർക്ക് ബാങ്കുകളിൽ നേരിട്ടെത്തി പണമെടുക്കാൻ പ്രയാസമുണ്ടാകുമെന്നും, സഹകരണ സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകുമെന്നുമുള്ള പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് പദ്ധതി തിടുക്കപ്പെട്ട് നടപ്പാക്കാതെ സഹകരണ സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും സമയം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.