തിരുവനന്തപുരം: സഹകരണ റിസ്ക് ഫണ്ട് പദ്ധതിയിൽ സമഗ്രമായ പരിഷ്കരണം നടപ്പാക്കുമെന്ന് സഹകരണ മന്ത്രി എം. ലിജു. നിലവിലുള്ള വ്യവസ്ഥകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി കൂടുതൽ സഹകാരികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന തരത്തിലാണ് പദ്ധതി പുനഃക്രമീകരിക്കുന്നത്.
മരണപ്പെടുകയോ മാറാരോഗം ബാധിക്കുകയോ ചെയ്ത വായ്പക്കാരുടെ വായ്പാ കുടിശ്ശികയിൽ റിസ്ക് ഫണ്ട് ആനുകൂല്യം ലഭിക്കുന്നതിനുള്ള നിലവിലെ ആറുമാസം എന്ന പരിധി ഒരു വർഷമായി ഉയർത്തുന്നതിനും നടപടി സ്വീകരിക്കും.
റിസ്ക് ഫണ്ട് വായ്പാ പദ്ധതിയിൽ നിലവിൽ അംഗമാകാൻ കഴിയാതിരുന്നവർക്കും വീണ്ടും പദ്ധതിയിൽ ചേരുന്നതിനുള്ള അവസരം ഒരുക്കും. ഇതിലൂടെ കൂടുതൽ വായ്പക്കാർക്ക് റിസ്ക് ഫണ്ട് പദ്ധതിയുടെ സംരക്ഷണം ലഭ്യമാക്കുകയാണ് ലക്ഷ്യം.
സഹകാരികളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് പദ്ധതിയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്നത്. സഹകരണ മന്ത്രി എം. ലിജുവിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് റിസ്ക് ഫണ്ട് പദ്ധതി പുനഃക്രമീകരിക്കുന്നത്.
പദ്ധതിയുടെ ആനുകൂല്യങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയും വായ്പയെടുത്ത് പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് ആശ്വാസം നൽകുകയും ചെയ്യുകയാണ് പരിഷ്കരണത്തിന്റെ പ്രധാന ലക്ഷ്യം.