സംസ്ഥാന സഹകരണ പരീക്ഷാ ബോർഡ് വഴി സഹകരണ സ്ഥാപനങ്ങളിൽ നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നിലവിൽ ദൂരെയുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്ന സാഹചര്യമുണ്ട്. ഇതുമൂലം അവരുടെ സേവനം പ്രാദേശികമായി പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് സഹകരണ മന്ത്രി എം. ലിജു പറഞ്ഞു.

പരീക്ഷാ ബോർഡ് വഴി ദൂരസ്ഥലങ്ങളിലുള്ള സഹകരണ സ്ഥാപനങ്ങളിൽ നിയമനം ലഭിക്കുന്ന ജീവനക്കാരുടെ വിഭവശേഷി പൂർണമായും സഹകരണ മേഖലയ്ക്ക് വിനിയോഗിക്കാൻ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്. സഹകരണ സ്ഥാപനങ്ങളിൽ അവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കേണ്ടതുണ്ട്.ഇതിന്റെ ഭാഗമായി സഹകരണ സ്ഥാപനങ്ങളിൽ കോമൺ ട്രാൻസ്ഫർ സംവിധാനം നടപ്പാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സ്ഥാപനങ്ങൾക്ക് ആവശ്യമായ മനുഷ്യവിഭവശേഷി ഫലപ്രദമായി വിനിയോഗിക്കുന്നതിനും ഇത്തരം സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, സഹകരണ സ്ഥാപനങ്ങളുടെ ഭരണപരമായ ആവശ്യങ്ങൾക്കും ജീവനക്കാരുടെ താൽപര്യങ്ങൾക്കും ഒരുപോലെ പരിഗണന നൽകുന്ന രീതിയിലായിരിക്കും സാധ്യതകൾ പരിശോധിക്കുക.

സഹകരണ വീക്ഷണം ന്യൂസ്