സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ വായ്പാ കുടിശ്ശികക്കാർക്കായി പ്രഖ്യാപിച്ച 'ആശ്വാസ് 2026' ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഓഗസ്റ്റ് 31 വരെ നടപ്പിലാക്കുകയാണ്. സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകുന്ന ഒട്ടേറെ പ്രഖ്യാപനങ്ങൾ ഈ പദ്ധതിയിലുണ്ട്. എന്നാൽ മറുഭാഗത്ത്, ഈ സാമ്പത്തിക ഭാരം മുഴുവൻ എങ്ങനെ താങ്ങുമെന്ന കടുത്ത ആശങ്കയിലാണ് സഹകരണ സംഘങ്ങൾ .കണക്കുകളും ശതമാനങ്ങളും മാറ്റിവെച്ചാൽ, തീർത്തും മാനുഷികമായ ചില ഇടപെടലുകൾ ആശ്വാസ് 2026-ൽ കാണാൻ കഴിയും. ജപ്തി പേടി വേണ്ട: പദ്ധതി കാലയളവിൽ കുടിശ്ശികക്കാരുടെ മേൽ യാതൊരുവിധത്തിലുള്ള ജപ്തി, ലേല നടപടികളും പാടില്ല എന്നത് കിടപ്പാടം നഷ്ടപ്പെടുമെന്ന് ഭയക്കുന്ന നിരവധി കുടുംബങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഗുരുതര രോഗികൾക്ക് പ്രത്യേക പരിഗണന: ക്യാൻസർ ബാധിതർ, ഡയാലിസിസിന് വിധേയരായവർ, ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവർ, എച്ച്.ഐ.വി ബാധിതർ, കിടപ്പിലായവർ എന്നിവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസിലാക്കി പരമാവധി ഇളവുകൾ നൽകാൻ ബാങ്കുകൾക്ക് നിർദ്ദേശമുണ്ട്.അതിദരിദ്രർക്ക് താങ്ങായി: അതിദരിദ്രരുടെ പട്ടികയിൽ ഉള്ളവർക്ക് ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾ തീർക്കാൻ പലിശയോ പിഴപ്പലിശയോ വേണ്ട, എടുത്ത തുക (മുതൽ) മാത്രം അടച്ചാൽ മതിയാകും.കൃത്യമായി അടയ്ക്കുന്നവർക്കും പാരിതോഷികം: ഇത്തരം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികൾ വരുമ്പോൾ കൃത്യമായി വായ്പ അടയ്ക്കുന്നവർക്ക് തഴയപ്പെടുന്നെന്ന തോന്നലുണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ കൃത്യമായി തിരിച്ചടയ്ക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ, അവർ അടച്ച പലിശയിൽ 5 ശതമാനം ഇളവ് നൽകി ആ തുക ബാക്കി വായ്പയിൽ വരവ് വയ്ക്കാനും പദ്ധതിയിലുണ്ട്.
എന്നാൽ ഈ 'ആശ്വാസം' സംഘങ്ങൾക്ക് എങ്ങനെ കുരുക്കാകുന്നു? ലക്ഷക്കണക്കിന് രൂപയുടെ ഇളവുകൾ കുടിശ്ശികക്കാർക്ക് നൽകുമ്പോൾ, അത് സഹകരണ സംഘങ്ങളുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ചില സാഹചര്യങ്ങളും സൃഷ്ടിക്കുന്നുണ്ട്: ബാധ്യതകൾക്ക് സർക്കാർ സഹായമില്ല: ഇത്രയും വലിയ സാമ്പത്തിക ഇളവുകൾ ബാങ്കുകൾ നൽകുമ്പോൾ, ആ വകയിലുണ്ടാകുന്ന നഷ്ടം നികത്താൻ സർക്കാരിൽ നിന്നോ സഹകരണ വകുപ്പിൽ നിന്നോ യാതൊരുവിധ ഫണ്ടോ സാമ്പത്തിക സഹായമോ ലഭിക്കുന്നില്ല. ഇത് അതാത് സംഘങ്ങളുടെ പ്രവർത്തന മൂലധനത്തെയും ലാഭത്തെയും നേരിട്ട് ബാധിക്കും.
സഹകരണ വകുപ്പിന്റെ ഇരട്ടത്താപ്പ്: സ്വന്തം ആവശ്യത്തിനായി ചെറിയൊരു സോളാർ പദ്ധതി നടപ്പിലാക്കണമെങ്കിൽ പോലും, ഒരു സംഘം ലാഭത്തിലാണോ എന്ന് കർശനമായി പരിശോധിക്കുന്ന സഹകരണ വകുപ്പ്. എന്നാൽ വൻ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന ഇത്തരം തീർപ്പാക്കൽ പദ്ധതികൾ അടിച്ചേൽപ്പിക്കുമ്പോൾ, അതാത് സംഘങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വകുപ്പ് യാതൊരു ആശങ്കയും പ്രകടിപ്പിക്കുന്നില്ല.
അർഹതയില്ലാത്തവരും മുതലെടുക്കുന്നു: സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പുറമെ, വായ്പ തിരിച്ചടയ്ക്കാൻ ശേഷിയുള്ളവർ പോലും ഇത്തരം പദ്ധതികൾക്കായി കാത്തിരിക്കുകയും പരമാവധി ഇളവുകൾ നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഉപഭോക്താവിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതിയേക്കാൾ, സർക്കുലറിലെ വ്യവസ്ഥകൾ വെച്ച് കൂടുതൽ ആനുകൂല്യം നേടിയെടുക്കാൻ ശ്രമിക്കുന്നത് സംഘങ്ങൾക്ക് ഇരുട്ടടിയാകുന്നു. വായ്പാ കുടിശ്ശികക്കാരിൽ പലർക്കും ഈ പദ്ധതി വലിയൊരു പിടിവള്ളിയാകുമ്പോൾ, നഷ്ടങ്ങൾ സഹിച്ച് ഇത് നടപ്പിലാക്കേണ്ട ഗതികേടിലാണ് പ്രാഥമിക സഹകരണ സംഘങ്ങൾ. അർഹതപ്പെട്ടവർക്ക് മാത്രം ആനുകൂല്യങ്ങൾ ഉറപ്പാക്കുകയും, സംഘങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാവുകയും ചെയ്താൽ മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകൂ.