തിരു: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും വായ്പാ കുടിശ്ശികക്കാർക്ക് ആശ്വാസമായി സഹകരണ വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ 'ആശ്വാസ്-2026' ന്റെ പുതുക്കിയ സർക്കുലർ പുറത്തിറങ്ങി. വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിനും ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി കുറയ്ക്കുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതി ഓഗസ്റ്റ് 31 വരെ നീളും. അർഹരായവർക്ക് പലിശയിലും പിഴപ്പലിശയിലും വലിയ ഇളവുകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ നിർദ്ദേശപ്രകാരം, 50,000 രൂപ വരെയുള്ള വായ്പകളിൽ അഞ്ച് വർഷത്തിൽ കൂടുതൽ കുടിശ്ശികയുള്ളവയ്ക്ക് പലിശ പൂർണ്ണമായും ഒഴിവാക്കി നല്കണമെന്നും . അഞ്ച് വർഷത്തിൽ താഴെയാണെങ്കിൽ പലിശയിൽ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. വായ്പാ തുകയുടെ അടിസ്ഥാനത്തിൽ 5 ലക്ഷം, 25 ലക്ഷം, 50 ലക്ഷം എന്നിങ്ങനെ തരംതിരിച്ച് വിവിധ കമ്മിറ്റികൾ വഴി (സംഘം, താലൂക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ) പലിശയിളവ് അനുവദിക്കാവുന്നതാണ്. പദ്ധതി പ്രകാരം ഇളവ് കണക്കാക്കുമ്പോൾ പിഴപ്പലിശ മുഴുവനായും ഒഴിവാക്കും. പദ്ധതി കാലയളവിൽ ജപ്തി, ലേല നടപടികൾ പാടില്ലെന്നും നിർദ്ദേശമുണ്ട്.
പ്രത്യേക ഇളവുകൾ ഇങ്ങനെ:
പിഴപ്പലിശ ഒഴിവാക്കും; ജപ്തി നടപടികൾക്ക് വിലക്ക്
പദ്ധതി പ്രകാരം ഇളവ് കണക്കാക്കുമ്പോൾ പിഴപ്പലിശ പൂർണമായും ഒഴിവാക്കും. പദ്ധതി കാലയളവിൽ വായ്പക്കാരെതിരെ ജപ്തി, ലേല നടപടികൾ സ്വീകരിക്കരുതെന്നും നിർദേശമുണ്ട്.
ഒറ്റത്തവണയായി കുടിശ്ശിക അടച്ചുതീർക്കുന്നവർക്കാണ് പലിശ ഇളവിന് അർഹത. തവണകളായി തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പിഴപ്പലിശ ഒഴിവാക്കി 2026 ഓഗസ്റ്റ് 31 വരെ തവണ സൗകര്യം അനുവദിക്കും.
അതിദരിദ്രർക്ക്: അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഒരു ലക്ഷം രൂപ വരെയുള്ള വായ്പകളിൽ മുതൽകിഴിവ് മാത്രം ഈടാക്കി കണക്ക് അവസാനിപ്പിക്കാം. ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയുള്ള വായ്പകളിൽ മുതൽ തുകയും പലിശയുടെ 50 ശതമാനവും മാത്രം അടച്ച് വായ്പ തീർപ്പാക്കാവുന്നതാണ്.
ഗുരുതര രോഗികൾക്ക്: ക്യാൻസർ ബാധിതർ, ഡയാലിസിസിന് വിധേയരായവർ, ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവർ, എച്ച്.ഐ.വി ബാധിതർ തുടങ്ങി ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും കിടപ്പിലായവർക്കും അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് പരമാവധി ഇളവുകൾ നൽകാൻ വ്യവസ്ഥയുണ്ട്.
കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക്: കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് അടച്ച പലിശയിൽ 5 ശതമാനം വരെ ഇളവ് നൽകി പ്രോത്സാഹിപ്പിക്കാനും വ്യവസ്ഥയുണ്ട്. ഈ തുക ബാക്കി നിൽക്കുന്ന വായ്പയിൽ വരവ് വയ്ക്കാവുന്നതാണ്.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഗുണഫലങ്ങൾ അർഹരായ എല്ലാ സഹകാരികൾക്കും ലഭ്യമാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സംഘം തലത്തിൽ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്താനും സർക്കുലറിൽ കർശന നിർദ്ദേശമുണ്ട്.