തയാറാക്കിയത് : എ .കെ മുഹമ്മദലി CEO മുൻ.സംസ്ഥാന ജനറൽ സെക്രട്ടറി
2026 ജൂലൈ മുതൽ കേന്ദ്ര - സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്തയിൽ 3 % വർദ്ധനയുണ്ടാകും. ക്ഷാമബത്ത കണക്കാക്കുന്നതിന്നാധാരമായ ഉപഭോക്തൃ വില സൂചികയിൽ 2026 ജൂണിൽ കഴിഞ്ഞ 2025 ഡിസമ്പർ മാസത്തേക്കാൾ 10 പോയിന്റ് വർദ്ധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണിത്.
രാജ്യത്തെ 28 സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലായി വ്യാപിച്ച് കിടക്കുന്ന വ്യവസായ പ്രാധാന്യമുള്ള 88 നഗരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 317 മാർക്കറ്റുകളിലെ 463 ഇനം സാധനങ്ങളുടേയും സേവനങ്ങളുടേയും വില മാസംതോറും താരതമ്യം ചെയ്ത് തയ്യാറാക്കുന്ന ഉപഭോക്‌തൃ വില സൂചികയെ അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത കണക്കാക്കുന്നത് .
ജൂൺ മാസത്തെ ഉപഭോക്‌തൃ വിലസൂചികയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പം 4.38 % ആയി ഉയർന്നിരുന്നു . കഴിഞ്ഞ മെയ് മാസം ഇത് 3.93 % ആയിരുന്നു. 2024 ഡിസമ്പറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത് . ( 2026 ജനവരി മുതൽ ഉപഭോക്‌തൃ വിലസൂചിക കണക്കാക്കുന്നതിനുള്ള അടിസ്ഥാനവർഷം 2012 ൽ നിന്നും 2024 ആയി ഉയർത്തിയിരുന്നു ) .
പണപ്പെരുപ്പ നിരക്കിൽ തെലുങ്കാനയാണ് മുന്നിൽ ( 6.36 % ) . മിസോറാം ഏറ്റവും പിന്നിലും ( 1.63 % ) . കേരളം ഒമ്പതാം സ്ഥാനത്താണ് ( 4.34 % ) .
കഴിഞ്ഞ 17 മാസത്തിന് ശേഷം ഇതാദ്യമായാണ് ഉപഭോക്‌തൃ വിലസൂചിക ആർ ബി ഐ യുടെ സഹനപരിധിയായ 4 ശതമാനത്തിന് മുകളിലാവുന്നത്.
കഴിഞ്ഞ ജൂണിൽ 2026 - 27 ലെ പണപ്പെരുപ്പ അനുമാനം ആർ ബി ഐ 5.1 % ആയി ഉയർത്തിയിരുന്നു. പണപ്പെരുപ്പ നിരക്ക് തുടർച്ചയായി നിയന്ത്രണ വിധേയമാണെങ്കിലും പശ്ചിമേഷ്യയിലെ സാഹചര്യങ്ങളും ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ എം പി സി യോഗം റിപോ നിരക്ക് 5.25 ശതമാനമായിത്തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു . കഴിഞ്ഞ ആറ് മാസമായി റിപോ നിരക്ക് 5.25 ശതമാനത്തിൽ തുടരുകയാണ്. റിപോ നിരക്കിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ ന്യൂട്രൽ സ്റ്റാൻസ് ( കാത്തിരുന്ന് കാണാം ) തുടരാനാണ് കഴിഞ്ഞ എം പി സി യോഗത്തിലെ തീരുമാനം.
മൊത്തവിലയെ ആസ്പദമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ 9.87 % ആയി ഉയർന്നിരുന്നു. കഴിഞ്ഞ മെയ് മാസം ഇത് 9.68 % ആയിരുന്നു .
അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനം ( G D P ) 7.7 ശതമാനമാണെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2024 - 25 സാമ്പത്തിക വർഷത്തെ GDP 7.1 ശതമാനമായിരുന്നു . 2026 - 27 സാമ്പത്തിക വർഷത്തെ വിവിധ ഏജൻസികളുടെ G D P അനുമാനം 6.4 % മുതൽ 6.9 % വരെയാണ് .
ഇതോടെ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 63 % ആയി ഉയരും. സാധാരണഗതിയിൽ സെപ്റ്റംബർ മാസത്തോടെ ക്ഷാമബത്ത അനുവദിച്ച് ഉത്തരവിറങ്ങും.
സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത 3 % വർദ്ധിച്ച് 40 ശതമാനമാവും . സംസ്ഥാന ജീവനക്കാർക്ക് 2026 ജനവരി മുതലുള്ള 2 % നിലവിൽ കുടിശ്ശികയാണ്. കഴിഞ്ഞ പത്ത് ഗഡു ക്ഷാമബത്ത പ്രഖ്യാപിച്ചപ്പോഴും പ്രാബല്യത്തീയതി പരാമർശിക്കാതിരുന്നത് കാരണം സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശിക ലഭ്യമായിട്ടില്ല. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുമെന്നും
അതിന്നായി പ്രത്യേക ഉത്തരവിറക്കുമെന്നും കഴിഞ്ഞ സർക്കാർ പ്രവ്യാപിച്ചിരുന്നുവെങ്കിലും കുടിശ്ശികയുടെ കാര്യത്തിലുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ് . യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്ന സാഹചര്യത്തിൽ തുടർന്നുള്ള ക്ഷാമബത്ത ഘഡുക്കൾ കുടിശ്ശികയാവാതെ സമയത്ത് തന്നെ ലഭിക്കുമെന്നാണ് ജീവനക്കാർ പ്രതിക്ഷിക്കുന്നത് .
സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയിൽ 5 % വർദ്ധനയുണ്ടാകും . കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തിൽ ക്ഷാമബത്ത ഭാഗികമായി മാത്രം അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിച്ചതിനാലാണിത് ( 2026 ജനവരി മുതലുള്ള 4 % നിലവിൽ കുടിശ്ശികയാണ് ) . ഇതോടെ സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത 137 % ആയി ഉയരും . 2022 ഏപ്രിൽ മുതൽ ശമ്പളം പരിഷ്‌ക്കരിച്ച സാഹചര്യത്തിൽ കേരള ബാങ്ക് ജീവനക്കാരുടെ ക്ഷാമബത്ത 4 % വർദ്ധിച്ച് 64 ശതമാനമാവും . ( 2026 ജനവരി മുതലുളള 3 % നിലവിൽ കുടിശ്ശികയാണ് ) . സംസ്ഥാന സർക്കാർ ക്ഷാമബത്ത പ്രഖ്യാപിക്കുന്ന മുറക്ക് സഹകരണ ജീവനക്കാരുടെയും ക്ഷാമബത്ത അനുവദിച്ച് ഉത്തരവാകും.