തിരുവനന്തപുരം: സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ രജത ജൂബിലിവർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി സഹകരണ സംഘം ജീവനക്കാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം നാളെ (ആഗസ്റ്റ് 5) തിരുവനന്തപുരം ജവഹർ സഹകരണ ഭവന്റെ ഒന്നാം നിലയിൽ രാവിലെ 10.30ന് നടക്കും. കേരള സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു ചടങ്ങ് ഉദ്ഘാടനം ചെയ്യും.

സഹകരണ സംഘം ജീവനക്കാരുടെ വിവിധ സ്ട്രീമുകളിലെ യോഗ്യതാ പരീക്ഷകളിൽ വിജയിച്ച ഉദ്യോഗാർഥികൾക്കാണ് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത്. ജീവനക്കാരുമായി നേരിട്ടുള്ള ആശയവിനിമയം നടത്തുകയും സഹകരണ മേഖലയിലെ ആധുനിക ഭരണസംവിധാനവുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ പങ്കുവെക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് ചെയർമാൻ എസ്.യു. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി ഇൻ-ചാർജ് മനു വി.ആർ സ്വാഗതം പറയും. സഹകരണ വകുപ്പ് സെക്രട്ടറി ഡോ. വീണ എൻ. മാധവൻ IAS, സഹകരണ സംഘം രജിസ്ട്രാർ ഇമ്പശേഖർ കെ. IAS, സഹകരണ ഓഡിറ്റ് ഡയറക്ടർ ഡോ. റെജിൽ എം.സി. IAS, ഭരണസമിതി അംഗങ്ങളായ അഡ്വ. എ.കെ. അഗസ്തി, അഡ്വ. കെ. ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. പരീക്ഷാ കൺട്രോളർ ഉല്ലാസ് പി.യു നന്ദി രേഖപ്പെടുത്തും.

എന്നാൽ മഴയുടെ സാഹചര്യത്തിൽ വടക്കൻ ജില്ലയിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാൻ വരുന്ന സഹകരണ സംഘം ജീവനക്കാർക്ക് യാത്ര ബുദ്ധിമുട്ട് ഉണ്ടാകുന്നത് ജീവക്കാരിൽ ആശങ്ക ഉണ്ടാകുന്നുണ്ട് . ഈ പശ്ചാത്തലത്തിൽ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് തലസ്ഥാനത്ത് എത്തുന്ന ജീവനക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതെ, സർട്ടിഫിക്കറ്റുകൾ എത്രയും വേഗം ലഭ്യമാക്കാൻ പരീക്ഷാ ബോർഡ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സഹകരണ വീക്ഷണം ആവശ്യപ്പെട്ടു.