ഏക കിടപ്പാടം സംരക്ഷണ നിയമം -2025 കടക്കണിയിൽ ആയവരെ സംരക്ഷിക്കുന്നതോടൊപ്പം സഹകരണ മേഖലയുടെ സുസ്ഥിരതയും ഉറപ്പ് വരുത്തണം

സാമ്പത്തിക ഞെരുക്കവും കടബാധ്യതകളും മൂലം ജപ്തി ഭീഷണി നേരിടുന്ന സാധാരണക്കാരായ വായ്പ്പക്കാർക്ക് ആശ്വാസമേകാൻ ഉദ്ദേശിച്ച് സർക്കാർ കൊണ്ടുവന്ന “കേരള ഏക കിടപ്പാടം സംരക്ഷണ നിയമം, 2025” തികച്ചും പ്രശംസനീയമായ ഒരു മാനുഷിക ചുവടുവെപ്പാണ്. അപ്രതീക്ഷിതമായ തിരിച്ചടികൾ മൂലം ജീവിതം വഴിമുട്ടി പോകുന്ന കുടുംബങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെടാതെ സംരക്ഷണം നൽകുക എന്നത് ഒരു ക്ഷേമ രാഷ്ട്രത്തിൻ്റെ സാമൂഹിക പ്രതിബദ്ധതയാണ്. എന്നാൽ കാരുണ്യത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ ഒരു നിയമം പ്രയോഗികതലത്തിൽ നടപ്പിലാക്കുമ്പോൾ അത് സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയുടെ നട്ടെല്ലായ സഹകരണ മേഖലയുടെ തകർച്ചയിലേക്ക് നയിക്കരുത് എന്ന തിരിച്ചറിവ് അത്യന്താപേക്ഷിതമാണ്.

സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ കർഷകർക്കും ചെറുകിട സംരംഭകർക്കും സാധാരണക്കാർക്കും തണലായി നിൽക്കുന്ന പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ സുസ്ഥിരതയെ ഏറെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകൾ ഈ നിയമത്തിലുണ്ട് എന്നത് കാണാതിരിക്കാനാവില്ല. ജപ്തി നടപടികളിൽ നിന്നും കുടിശ്ശിക ഈടാക്കുന്നതിൽ നിന്നും സഹകരണ സ്ഥാപനങ്ങളെ തടയുന്ന ഈ നിയമത്തിലെ വ്യവസ്ഥകൾ ഇവയുടെ നിലനിൽപ്പിന് ഭീഷണിയാവാൻ പര്യാപ്തമാണ്.

സഹകരണ വായ്പാ മേഖലയുടെ സവിശേഷത

സർവ്വീസ് സഹകരണ ബാങ്കുകളും റൂറൽ സർവ്വീസ് സഹകരണ സംഘങ്ങളും വാണിജ്യ ബേങ്കുകളെ പോലെയോ സർക്കാർ ക്ഷേമ പദ്ധതികൾ വിതരണം ചെയ്യുന്ന ഏജൻസികളെ പോലെയോ അല്ല പ്രവർത്തിക്കുന്നത്. പ്രാദേശികമായി അംഗങ്ങളിൽനിന്ന് സ്വരൂപിക്കുന്ന നിക്ഷേപങ്ങളും ഓഹരി മൂലധനവും ചേർന്നതാണ് അവയുടെ പ്രവർത്തന മൂലധനം. നിക്ഷേപകർക്ക് കൃത്യമായി പണം തിരികെ നൽകാനും പുതിയ വായ്പകൾ നൽകാനും വായ്പാതുക കൾ കൃത്യസമയത്ത് തിരിച്ചടക്കപ്പെടേണ്ടതുണ്ട്.

ഇപ്പോൾ പ്രാബല്യത്തിലുള്ള നിയമപ്രകാരം 5 ലക്ഷം രൂപ വരെയുള്ള അസ്സൽ വായ്പകൾക്കും 10 ലക്ഷം രൂപ വരെയുള്ള ആകെ കുടിശ്ശികകൾക്കും പരിരക്ഷ ലഭിക്കും.കൂടാതെ പഞ്ചായത്തുകളിൽ 10 സെൻ്റും നഗരങ്ങളിൽ അഞ്ച് സെൻ്റും വരെയുള്ള വീടിന് ആനുകൂല്യം ലഭിക്കും. കേരളത്തിലെ ഗ്രാമീണ മേഖലയിൽ വായ്പയെടുക്കുന്ന ഭൂരിഭാഗം സാധാരണക്കാരുടെയും വായ്പകളും ഭൂമിയും ഈ പരിധിയിലാണ് വരുന്നത്.

ഇത് തിരിച്ചടക്കാൻ സാമ്പത്തിക ശേഷിയുള്ള വായ്പക്കാരെ പോലും ബോധപൂർവ്വം തിരിച്ചടവിൽ നിന്നും പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. സഹകരണ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (NPA) വർദ്ധിക്കാനും പണലഭ്യത (Liquidity) കുറയാനും ഇത് കാരണമാകുന്നു. ഫലത്തിൽ, യഥാർത്ഥത്തിൽ വായ്പ ആവശ്യമുള്ള കർഷകരുടെയും ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെയും വായ്പ അവസരങ്ങൾ അടയുന്നതിലേക്കാണ് ഇത് നയിക്കുക. വായ്പാ തിരിച്ചടവ് സംസ്കാരം തകർന്നാൽ ഇല്ലാതാകുന്നത് ഗ്രാമീണ സമ്പദ് വ്യവസ്ഥയാണ്.

നിയമം സഹകരണ മേഖലക്കും ആഘാതങ്ങൾ

അംഗങ്ങളുടെ വായ്പ തിരിച്ചടവിലുള്ള അച്ചടക്കം പാടെ തകരുന്നു. മനഃപ്പൂർവ്വം വീഴ്ച വരുത്തുന്നവരും യഥാർത്ഥ ദുരിതബാധിതരും ഒരുപോലെ സംരക്ഷിക്കപ്പെടുന്നു. സഹകരണ സംഘങ്ങളിലെ നിക്ഷേപകരുടെ പണം അപകടത്തിൽ ആകുന്നു. വായ്പ എടുത്തവർക്ക് നൽകുന്ന അമിത സംരക്ഷണം നിക്ഷേപകരുടെ താൽപര്യങ്ങളെ ബലി കഴിക്കുന്നതിലേക്കാണ് നയിക്കുക. തീർപ്പു കൽപ്പിക്കലിലെ കലതാമസംമൂലം സ്ഥാപനങ്ങൾക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു.

മാറ്റങ്ങൾ അനിവാര്യം

സഹകരണ പ്രസ്ഥാനത്തിൻ്റെ തനിമയും വിശ്വാസ്യതയും സംരക്ഷിക്കാനും അതേസമയം പാവപ്പെട്ട വായ്പക്കാർക്ക് നീതി ഉറപ്പാക്കാനും നിയമത്തിൽ മാറ്റങ്ങൾ അനിവാര്യമാണ്.

ഒന്നാമതായി, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെ (PACS) ഈ നിയമത്തിന്റെ പൊതു പരിധിയിൽ നിന്നും ഒഴിവാക്കുകയോ അല്ലെങ്കിൽ സഹകരണ മേഖലക്കായി പ്രത്യേകം അദ്ധ്യായം (Seperate Chapter) ഉൾപ്പെടുത്തുകയോ വേണം. കാർഷിക വായ്പകൾ, വിള വായ്പകൾ, കിസാൻ ക്രെഡിറ്റ് കാർഡ് (KCC) വായ്പകൾ,, ക്ഷീരവികസന വായ്‌പകൾ, അനുബന്ധ കാർഷിക വായ്പകൾ, സ്വയം സഹായ സംഘങ്ങളുമായി (SHG) ബന്ധിപ്പിച്ച വായ്പകൾ എന്നിവയെ ഈ നിയമത്തിൻ്റെ പരിരക്ഷയിൽ നിന്നും പൂർണമായും ഒഴിവാക്കണം. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കായി നൽകുന്ന ഇത്തരം വായ്പകളുടെ സുഗമമായ വിതരണത്തിന് കൃത്യമായ വായ്പാ റിക്കവറി സംവിധാനം അനിവാര്യമാണ്.

രണ്ടാമതായി, ഈ നിയമപ്രകാരമുള്ള സാമ്പത്തിക പരിധികളും ഭൂപരിധികളും പുനഃക്രമീകരിക്കേണ്ടതുണ്ട്. വായ്പാ സംരക്ഷണ പരിധി അസ്സൽ തുക ഒരു ലക്ഷമായും ആകെ കുടിശ്ശിക രണ്ട് ലക്ഷമായും കുറക്കുന്നത് യഥാർത്ഥ നിർദ്ധനർക്ക് മാത്രം ആനുകൂല്യം ലഭിക്കാൻ സഹായിക്കും. ഭൂപരിധി പഞ്ചായത്തുകളിലും നഗരങ്ങളിലും ഒരുപോലെ 3 സെൻ്റ് ആയി കുറക്കുന്നതും അഭികാമ്യമായിരിക്കും.

ഏറ്റവും പ്രധാനം, തിരിച്ചടവ് ശേഷിയുണ്ടായിട്ടും മനഃപൂർവ്വം വീഴ്ച വരുത്തുന്നവരെയും (Wilful Defaulters) വായ്പാ തുക വകമാറ്റി ചിലവഴിച്ചവരെയും ഈ നിയമത്തിന്റെ ആനുകൂല്ല്യത്തിൽ നിന്നും ഒഴിവാക്കണം എന്നതാണ്. കൂടാതെ വായ്പ കൊടുത്ത ബാങ്കുകളുടെ ഭാഗം കേൾക്കാതെ യാതൊരു കാരണവശാലും ഇടക്കാല സ്റ്റേ (Interim Stay) അനുവദിക്കരുത്.

സുതാര്യമായ സംവിധാനം വേണം

അപേക്ഷകൾ തീർപ്പാക്കാൻ 90 ദിവസത്തെ കർശന സമയപരിധി നിശ്ചയിക്കുകയും അല്ലാത്തപക്ഷം സ്റ്റേ റദ്ദാകുകയും ചെയ്യുന്ന വ്യവസ്ഥയും, ജില്ലാ-സംസ്ഥാനതല സമിതികളിൽ സഹകരണ മേഖലയിലെ പ്രതിനിധികളെ ഉൾപ്പെടുത്തുന്നതും നിയമത്തിന്റെ സുതാര്യത വർദ്ധിപ്പിക്കും. മൂന്നോ അതിലധികമോ വർഷമായി തുടർച്ചയായി കുടിശ്ശിക വരുത്തുന്ന ദീർഘകാല കുടിശ്ശികക്കാരെ (Chronic Defaulters) നിയമപരിരക്ഷയിൽ നിന്ന് മാറ്റി നിർത്തണം.

ഉപസംഹാരം

കേരളത്തിലെ സാമൂഹ്യ സാമ്പത്തിക ജീവിതത്തിൻ്റെ ചാലകശക്തിയാണ് സർവീസ് സഹകരണ ബാങ്കുകളും റൂറൽ സഹകരണ സംഘങ്ങളും. കടബാധിതർക്ക് സംരക്ഷണം നൽകേണ്ടത് സർക്കാരിൻ്റെ കടമയാണെന്നതിൽ സംശയമില്ല. എന്നാൽ, അത് ഗ്രാമീണ വായ്പാമേഖലയുടെ നട്ടെല്ലായ സഹകരണ സംഘങ്ങളുടെ സുസ്ഥിരതയെ ദുർബലപ്പെടുത്തിക്കൊണ്ടാകരുത്.വായ്പക്കാരുടെ സംരക്ഷണത്തോടൊപ്പം സഹകരണ സംഘങ്ങളിലെ സാധാരണക്കാരായ നിക്ഷേപകരുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്ന തരത്തിൽ “കേരള ഏക കിടപ്പാടം സംരക്ഷണ നിയമം, 2025”- ൽ ഉചിതമായ ഭേദഗതികൾ വരുത്താൻ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.