കണ്ണൂർ: സഹകരണ മേഖലയിൽ വൻ കുതിച്ചുചാട്ടവുമായി മോറാഴ കല്യാശ്ശേരി സർവീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ പുതിയ സംരംഭമായ 'അസ്റ്റോറിയ കൺവെൻഷൻ സെന്റർ' ഓഗസ്റ്റ് 8-ന് നാടിന് സമർപ്പിക്കും. നബാർഡിന്റെയും കേരള ബാങ്കിന്റെയും സഹകരണത്തോടെ വെള്ളിക്കീലിൽ നിർമ്മിച്ച കേന്ദ്രത്തിൽ ഒരേസമയം 850 പേർക്ക് ഇരിക്കാവുന്ന അത്യാധുനിക സൗകര്യങ്ങളാണൊരുക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കൺവെൻഷൻ സെന്റർ പരിസരത്ത് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടന കർമ്മം നിർവഹിക്കും. എം. വിജിൻ എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. ചടങ്ങിൽ ആംഫി തിയേറ്റർ ഉദ്ഘാടനം കേരള ബാങ്ക് വൈസ് ചെയർമാൻ ടി.വി. രാജേഷും, കിഡ്സ് പാർക്ക് ഉദ്ഘാടനം ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി. സതീദേവിയും നിർവഹിക്കും. മിനി ഹാളിന്റെ ഉദ്ഘാടനം നബാർഡ് എ.ജി.എം. ജിഷിൻ മോനും, ഓഫീസിന്റെ ഉദ്ഘാടനം കണ്ണൂർ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പി.ജെ. ജോയിച്ചനും നിർവഹിക്കുന്നതാണ്. ചടങ്ങിൽ വെച്ച് കണ്ണൂർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സുഭാഷ് .പി ലോഗോ പ്രകാശനം നിർവഹിക്കും. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എം.വി. ജനാർദ്ദനൻ സ്വാഗതവും സെക്രട്ടറി പി. മനോഹരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. വിവിധ ജനപ്രതിനിധികളും സഹകരണ രംഗത്തെ പ്രമുഖരും രാഷ്ട്രീയ-സാമൂഹിക നേതാക്കളും ആശംസകൾ അർപ്പിച്ചു സംസാരിക്കും. ബാങ്ക് ഡയറക്ടർ ആർ.സി. അരവിന്ദാക്ഷൻ നന്ദി രേഖപ്പെടുത്തും.