കൊല്ലം: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഓയിൽ പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ (കേരഫെഡ്) ന്റെ കൊല്ലം ജില്ലയിലെ അംഗ സംഘങ്ങളുടെ ബിസിനസ് മീറ്റ് രാമവർമ്മ ക്ലബ്ബിൽ സംഘടിപ്പിച്ചു.
കൊല്ലം ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന കേരഫെഡ് ഔട്ട്ലെറ്റുകൾ വ്യാപകമായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കേരഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ബിനു അറിയിച്ചു. ഓണക്കാലത്ത് വെളിച്ചെണ്ണയുടെ വില നിലവാരം നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, മായം കലർത്തൽ തുടങ്ങിയ പ്രവണതകൾ ഒഴിവാക്കുന്നതിനും സഹകരണ സംഘങ്ങൾ വഴിയുള്ള കേരഫെഡ് ഉൽപ്പന്നങ്ങളുടെ വിതരണം സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരഫെഡിന്റെ വെളിച്ചെണ്ണയ്ക്ക് പുറമെ കോക്കനട്ട് പൗഡർ ഉൾപ്പെടെയുള്ള വിവിധ ഉൽപ്പന്നങ്ങൾ ഇന്ന് കേരളീയർക്കിടയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും, കൂടുതൽ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ കൊല്ലം ജില്ലാ ജോയിന്റ് രജിസ്ട്രാർ ശോഭന കുമാരി, തൊടിയൂർ ബാങ്ക് പ്രസിഡന്റ് കെ.സി. രാജൻ, മോഹൻ, അഡ്വ. എസ്.ആർ. രാഹുൽ എന്നിവർ സംസാരിച്ചു. ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരഫെഡ് ഉൽപ്പന്നങ്ങളുടെ വിപണനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു.