തിരുവനന്തപുരം: ഈ സർക്കാരിന്റെ കാലയളവിൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ള ക്ഷാമബത്തയും (ഡി.എ) അതിന്റെ കുടിശ്ശികകളും ഉടൻ തന്നെ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. കേരള ഫിനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷന്റെ വാർഷിക സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സർക്കാർ വരുത്തിവെച്ച വലിയ സാമ്പത്തിക ബാധ്യതകളും കുടിശ്ശികകളും ജീവനക്കാർക്ക് എങ്ങനെ കൊടുത്തുതീർക്കാൻ സാധിക്കുമെന്ന് സർക്കാർ ഗൗരവമായി പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജീവനക്കാരുടെ ഒരു ആനുകൂല്യങ്ങളും ഈ സർക്കാർ വെട്ടിക്കുറയ്ക്കില്ലെന്നും, മുൻപ് നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ ഓരോ അവസരങ്ങളിലായി ജീവനക്കാർക്ക് തിരിച്ചുനൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ഭരണരംഗത്തെ സ്ഥലംമാറ്റങ്ങളെക്കുറിച്ച് സംസാരിക്കവെ, മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സ്ഥലംമാറ്റങ്ങൾ സ്വാഭാവികമായും ഉണ്ടാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ കഴിഞ്ഞ ഭരണകാലത്തെപ്പോലെ ജീവനക്കാരെ രാഷ്ട്രീയമായി ഉപദ്രവിക്കുന്ന രീതി ഈ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും, എല്ലാവരെയും സംരക്ഷിക്കുന്ന നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അസോസിയേഷൻ പ്രസിഡന്റ് എസ്. പ്രദീപ്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാന്ത്രിമാരായ എ.പി. അനിൽകുമാർ, അനൂപ് ജേക്കബ് തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു