സംസ്ഥാന സർക്കാർ 2026–27 ബജറ്റിൽ പ്രഖ്യാപിച്ച '100% ഊർജ്ജ സ്വയംപര്യാപ്ത ഗ്രാമങ്ങൾ' പദ്ധതിയുടെ ഭാഗമായി സഹകരണ സംഘങ്ങളിൽ നടപ്പാക്കുന്ന സോളാർ സബ്സിഡി പദ്ധതിയിൽ കൂടുതൽ സഹകരണ സംഘങ്ങൾക്ക് അവസരം ഉറപ്പാക്കുന്നതിനായി പ്രൊപ്പോസൽ സമർപ്പിക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സഹകരണവീക്ഷണം ബഹു. സഹകരണ വകുപ്പ് മന്ത്രിയെ നേരിൽകണ്ട് നിവേദനം നൽകി.
സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് സോളാർ സബ്സിഡി പദ്ധതി നടപ്പാക്കാൻ തീരുമാനിക്കുകയും, ഇതുമായി ബന്ധപ്പെട്ട് 2026 ജൂലൈ 13-ന് സഹകരണ സംഘം രജിസ്ട്രാർ ജില്ലാ ജോയിന്റ് രജിസ്ട്രാർമാർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ, പ്രസ്തുത കത്തിൽ പദ്ധതിയുടെ സമയപരിധി വ്യക്തമാക്കിയിരുന്നില്ല.
തുടർന്ന് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ സഹകരണ സംഘങ്ങളോടും പ്രൊപ്പോസൽ സമർപ്പിക്കാൻ ജില്ലാ ജോയിന്റ് രജിസ്ട്രാർമാർ നിർദ്ദേശം നൽകിയെങ്കിലും, ഭൂരിഭാഗം സംഘങ്ങൾക്കും അറിയിപ്പ് ലഭിച്ചത് ഈ മാസം അവസാന ആഴ്ചയിലാണ്. അതേസമയം, പ്രൊപ്പോസൽ സമർപ്പിക്കാനുള്ള അവസാന തീയതിയായി ജൂലൈ 31 നിശ്ചയിച്ചതിനാൽ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ രേഖകൾ തയ്യാറാക്കി അപേക്ഷ സമർപ്പിക്കാൻ നിരവധി സഹകരണ സംഘങ്ങൾക്ക് സാധിച്ചില്ല.
കേരളത്തിലെ സഹകരണ സംഘങ്ങളുടെ വൈദ്യുതി ചെലവ് ഗണ്യമായി കുറയ്ക്കാനും ഹരിത ഊർജ്ജ ഉപയോഗം വർധിപ്പിക്കാനും സംസ്ഥാന സർക്കാരിന്റെ സോളാർ കേരളം ലക്ഷ്യം യാഥാർഥ്യമാക്കാനും ഈ പദ്ധതി നിർണായകമാണെന്ന് സഹകരണവീക്ഷണം ചൂണ്ടിക്കാട്ടി.
ഇതിനാൽ, പ്രൊപ്പോസൽ സമർപ്പിക്കാനുള്ള സമയപരിധി അടിയന്തരമായി ദീർഘിപ്പിക്കണമെന്നും, നിലവിലെ നിയന്ത്രണങ്ങൾ പിൻവലിച്ച് താൽപര്യമുള്ള എല്ലാ സഹകരണ സംഘങ്ങൾക്കും പദ്ധതിയിൽ പങ്കെടുക്കാൻ അവസരം നൽകുന്ന തരത്തിൽ പുതിയ നിർദ്ദേശം പുറപ്പെടുവിക്കണമെന്നും സഹകരണവീക്ഷണം മന്ത്രിയോട് ആവശ്യപ്പെട്ടു.
സഹകരണ മേഖലയെ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും സാമ്പത്തിക ലാഭത്തിലേക്കും നയിക്കാൻ ഈ പദ്ധതി വലിയ വഴിത്തിരിവാകുമെന്നും, അതിനാൽ ഒരു സഹകരണ സംഘവും പദ്ധതിക്ക് പുറത്താകാതിരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് സഹകരണവീക്ഷണത്തിന്റെ ആവശ്യം