സഹകരണ മേഖലയിലെ ജീവനക്കാരുടെ അടിസ്ഥാന അവകാശമായ ലീവ് സറണ്ടർ നിർത്തലാക്കിയ സഹകരണ വകുപ്പ് നടപടിയിൽ ജീവനക്കാർക്കിടയിൽ കടുത്ത അമർഷം പുകയുന്നു.

സർക്കാരിന് യാതൊരുവിധത്തിലുള്ള സാമ്പത്തിക ബാധ്യതയും ഇല്ലാത്തതും ഖജനാവിന് സാമ്പത്തിക ബാധ്യത ഇല്ലാത്തതുമായ സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടർ തടയുന്നത് സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്നതിന് വേണ്ടിയാണെന്ന് ഭരണ അനുകൂല സംഘടനകൾ ആരോപിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സുപ്രധാന പദവികൾ വഹിച്ചിരുന്ന പലരും ഇപ്പോഴും അതെ സ്ഥാനത്തു തുടരുന്നു എന്ന ആക്ഷേപവും ജീവനക്കാരുടെ ഇടയിൽ ശക്തമാണ് . കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇറക്കിയ അതെ ഉത്തരവ് തന്നെയാണ് ഇത്തവണയും ഇറക്കിയിട്ടുള്ളത് . എന്നാൽ സർക്കാർ ഉത്തരവിന്റെ ചുവട് പിടിച്ചു സഹകരണ വകുപ്പും ഉത്തരവ് ഇറക്കി , ടി ഉത്തരവിലാണ് ലീവ് സറണ്ടർ തടയുന്നത് . 2023 ൽ സമാനമായ രീതിയിൽ സഹകരണ വകുപ്പ് ഉത്തരവ് ഇറക്കി ജീവനക്കാരുടെയും സംഘടനകളുടെയും പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കുന്ന സാഹചര്യം ഉണ്ടായി. ജീവനക്കാരുടെ സംഘടനകൾ പറയുന്നതനുസരിച്ച്, മുൻ സർക്കാർ ഉത്തരവിൽ "സഹകരണ സ്ഥാപനങ്ങൾ / അപ്പെക്സ് സൊസൈറ്റികൾ" എന്നാണ് പരാമർശിച്ചിട്ടുള്ളത്. എന്നാൽ "സഹകരണ സംഘങ്ങൾ / ബാങ്കുകൾ" എന്ന രീതിയിൽ വ്യക്തമായ പരാമർശം ഉത്തരവിലില്ല. ഈ വ്യത്യാസം പരിഗണിക്കാതെയാണ് വിവരാവകാശ നിയമപ്രകാരം വിശാൽ എന്ന വ്യക്തി നൽകിയ അപേക്ഷയ്ക്ക് മറുപടി നൽകിയതെന്നാണ് സംഘടനകളുടെ വിമർശനം.

സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ ഈ മറുപടിക്കെതിരെ ജീവനക്കാരുടെ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സഹകരണ വകുപ്പിന്റെ മുൻകാല സർക്കാർ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചാണ് വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയതെന്നാണ് സംഘടനകളുടെ ആരോപണം.

ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങൾ വകുപ്പു തലത്തിൽ ആശയക്കുഴപ്പത്തിനും ആശങ്കയ്ക്കും ഇടയാക്കുന്നുവെന്നും, നിലവിൽ ജീവനക്കാർക്ക് ലഭിച്ചുവരുന്ന ലീവ് സറണ്ടർ ആനുകൂല്യം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ലീവ് സറണ്ടർ അനുവദിക്കാതിരുന്നാൽ ജീവനക്കാരുടെ അവകാശങ്ങൾ മാത്രമല്ല, സഹകരണ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും ദൈനംദിന പ്രവർത്തനങ്ങളെയും അത് പ്രതികൂലമായി ബാധിക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്.

വിവരാവകാശ മറുപടി പിൻവലിച്ച് വിഷയത്തിൽ വ്യക്തത വരുത്തണമെന്നും, ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും വിവിധ ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംസ്ഥാനതലത്തിൽ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധം ശക്തമാകുകയാണ് .