തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളിലും ജനങ്ങളുടെ വീട്ടുപടിക്കൽ ക്ഷേമ പെൻഷനുകൾ എത്തിച്ചുനൽകിയ പ്രാഥമിക സഹകരണ സംഘങ്ങളെ വെട്ടിനിരത്തി സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവ്. ക്ഷേമ പെൻഷൻ വിതരണം പൂർണ്ണമായും ദേശസാത്കൃത ബാങ്കുകൾ വഴിയുള്ള ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറിലേക്ക് (DBT) മാറ്റാനാണ് നീക്കം. ലക്ഷക്കണക്കിന് പാവപ്പെട്ട പെൻഷൻകാർക്കും ഗ്രാമീണ മേഖലയിലെ സഹകരണ സ്ഥാപനങ്ങൾക്കും കടുത്ത തിരിച്ചടിയാകുന്നതാണ് ഈ തീരുമാനം.

2016 ഓഗസ്റ്റ് 15-ലെ സ.ഉ.(എം.എസ്) നം. 324/2016/ധന ഉത്തരവ് പ്രകാരം ആരംഭിച്ച വീടുകളിലെത്തിയുള്ള പെൻഷൻ വിതരണം, സംസ്ഥാനത്തെ സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ, 25.05.2026-ലെ KSSPL /FIN /03/2024-ASST നമ്പർ കത്ത് പ്രകാരം ഈ സംവിധാനത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പെൻഷൻ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. കിടപ്പുരോഗികൾക്ക് മാത്രമാണ് ഇതിൽ നേരിയ ഇളവ് അനുവദിച്ചിട്ടുള്ളത്.

കേന്ദ്ര ഫണ്ട് ലഭ്യതയും ഡി.ബി.ടി മാനദണ്ഡങ്ങളും മുൻനിർത്തിയാണ് നീക്കമെന്ന് സർക്കാർ വാദിക്കുമ്പോഴും, അടിസ്ഥാന തലത്തിൽ ജനങ്ങളെ സഹായിച്ച സഹകരണ പ്രസ്ഥാനങ്ങളോട് കാണിക്കുന്ന അവഗണനയായാണ് ഇത് വീക്ഷിക്കപ്പെടുന്നത്. പെൻഷൻ വിതരണം ചെയ്ത ഇനത്തിൽ ജീവനക്കാർക്ക് നൽകേണ്ട ഇൻസെന്റീവ് കുടിശ്ശികപോലും അനുവദിക്കാതെ സർക്കാർ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അതിനുപുറമേ, പലിശ ഈടാക്കുമെന്നും ഇൻസെന്റീവ് വെട്ടിക്കുറയ്ക്കുമെന്നുമുള്ള ഭീഷണിയും സഹകരണ സംഘങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നു.

ഓണക്കാലത്ത് വിതരണം ചെയ്യേണ്ട പെൻഷൻ തുകയോടൊപ്പം, നാളിതുവരെ വിതരണം നടത്തിയ ജീവനക്കാരുടെ ഇൻസെന്റീവ് കുടിശ്ശിക അടിയന്തരമായി അനുവദിക്കാൻ തയ്യാറാകണമെന്നും നടപടി സ്വീകരിക്കണമെന്നും സഹകരണ വകുപ്പ് മന്ത്രിയോട് സഹകരണ വീക്ഷണം ആവശ്യപ്പെട്ടിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ നാടിന് താങ്ങായ സഹകരണ മേഖലയെ സംരക്ഷിക്കാനും, വിതരണത്തിലെ കുടിശ്ശിക തീർപ്പാക്കാനും സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. സഹകരണമേഖലയെ സംരക്ഷിക്കാനും സഹകരണ മേഖലയ്ക്ക് ദോഷകരമായ  ഈ ഉത്തരവ് പിൻവലിക്കുന്നതിനുമായി സഹകരണ സംഘടനകൾ ഒന്നടങ്കം പ്രതിഷേധത്തിലേക്ക്.